മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയുടെ ചിത്രീകരണം മധ്യപ്രദേശിലെ ഗൗളിയാറിൽ പുരോഗമിക്കുകയാണ്. ഐശ്വര്യ റായ് ഉൾപ്പടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നടി ഐശ്വര്യ റായിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പിങ്ക് നിറത്തിലുള്ള സിൽക്ക് സാരി ധരിച്ച് ആഭരണങ്ങൾ അണിഞ്ഞ് രാജകീയ ലുക്കിലാണ് ഐശ്വര്യയെ ചിത്രത്തിൽ കാണാൻ കഴിയുക. ലൊക്കേഷനിൽ നിന്നും പുറത്തായ ചിത്രം എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദേവദാസ് എന്ന സിനിമയിലെ ലുക്കിനു സമാനമാണ് പൊന്നിയിൻ സെൽവത്തിലെ ഐശ്വര്യയുടെ ലുക്ക് എന്നാണ് ആരാധകരുടെ കമന്റുകൾ.
പൊന്നിയിൻ സെൽവനിൽ ഐശ്വര്യ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നന്ദിനി, മന്ദാകിനി എന്നീ കഥാപാത്രങ്ങളാണ് താരം അവതരിപ്പിക്കുക. മണിരത്നത്തിന്റെ ഒപ്പമുള്ള ഐശ്വര്യയുടെ നാലാമത്തെ ചിത്രമാണിത്. നേരത്തെ ഇരുവർ, ഗുരു, രാവണൻ എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചത്.
Also read: സാമന്തയുടെ സന്തോഷത്തിൽ പങ്കുചേർന്ന് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമ അടുത്ത വർഷം ആദ്യം തീയറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഐശ്വര്യക്ക് പുറമെ വിക്രം, തൃഷ, കാർത്തി, ജയം രവി, ലാൽ, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, പ്രഭു, അശ്വിൻ കകുമാനു, കിഷോർ, ഐശ്വര്യ ലക്ഷ്മി എന്നിവരടങ്ങുന്ന ഒരു വൻ താരനിര തന്നെ ഈ ബിഗ് ബജറ്റ് ചിത്രത്തിലുണ്ട്.