ബോളിവുഡിൽ ചുവടുറപ്പിക്കും മുന്‍പേ ഐശ്വര്യ റായ് ബച്ചൻ തമിഴകത്ത് ആണ് ഏറെ തിളങ്ങിയത്. സിനിമയിലേക്കുളള ഐശ്വര്യയുടെ കടന്നുവരവ് തന്നെ തമിഴ് സിനിമയിലൂടെയാണ്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. അതിൽ ഐശ്വര്യയുടെ നായകനാവട്ടെ മലയാളികളുടെ സ്വന്തം ലാലേട്ടൻ. മോഹൻലാലിനൊപ്പം മാത്രമല്ല മലയാളത്തിലെ മറ്റു പ്രമുഖ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, കലാഭവൻ മണി എന്നിവർക്കൊപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
ഇരുവർ (1997)
ഐശ്വര്യയുടെ സിനിമയിലേക്കുളള ചുവടുവയ്പ് മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു. മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എംജിആറിന്റെയും കരുണാനിധിയുടെയും ജീവിതത്തിലെ അംശങ്ങൾ കോർത്തിണക്കിയുളളതായിരുന്നു ചിത്രം. ഇതിൽ ജയലളിതയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കൽപന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചെയ്തത്. ഇരുവർ നിരവധി അവാർഡുകളും വാരിക്കൂട്ടി. പ്രകാശ് രാജ്, രേവതി, നാസർ, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. എ.ആർ.റഹ്മാനായിരുന്നു സംഗീതം. മലയാളിയായ സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ഐശ്വര്യയുടെ ആദ്യ ചിത്രമായ ഇരുവറിന്റെ ഷൂട്ടിങ്ങും തിരുവനന്തപുരത്തായിരുന്നു.
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (2000)
രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ വൻ വിജയമായിരുന്നു. ഐശ്വര്യ റായും തബുവുമായിരുന്നു ചിത്രത്തിലെ നായികമാർ. മമ്മൂട്ടി, അജിത്, അബ്ബാസ് എന്നിവരായിരുന്നു ചിത്രത്തിലെ നായകന്മാർ. ഇതിൽ ഐശ്വര്യയുടെ നായകനായിരുന്നു മമ്മൂട്ടി. മേജർ ബാല എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. എ.ആർ.റഹ്മാൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Read More : ഐശ്വര്യയ്ക്ക് 44, ലോകസുന്ദരിക്ക് പിറന്നാൾ
രാവണൻ (2010)
ബോളിവുഡിൽ സജീവമായിരിക്കുന്ന സമയത്താണ് ഐശ്വര്യ മണിരത്നം ചിത്രമായ രാവണനിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് ആയിരുന്നു ഐശ്വര്യയുടെ നായകനായി എത്തിയത്. ഐശ്വര്യയുടെ ഭർത്താവ് ദേവ് പ്രകാശ് എന്ന വേഷമായിരുന്നു പൃഥ്വിയുടേത്. വിക്രം ആയിരുന്നു ചിത്രത്തിലെ നായകൻ എങ്കിലും പൃഥ്വിരാജിന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രം പിന്നീട് ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോഴും ഐശ്വര്യയുടെ ഭർത്താവിന്റെ വേഷം ചെയ്തത് പൃഥ്വിയായിരുന്നു.
യന്തിരൻ (2010)
സംവിധായകൻ ശങ്കറിന്റെ ബ്ലോക്ബസ്റ്റർ ചിത്രമാണ് യന്തിരൻ. രജനീകാന്ത് ആയിരുന്നു ചിത്രത്തിലെ നായകൻ. രജനിയുടെ ഗേൾഫ്രണ്ടായ സന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഈ സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയും ഉണ്ടായിരുന്നു. കുറച്ചു രംഗങ്ങളിലേ ഉണ്ടായിരുന്നുവെങ്കിലും മണിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി. യന്തിരന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുളള ഒരുക്കത്തിലാണ് ഇപ്പോൾ സംവിധായകൻ ശങ്കർ. പക്ഷേ ഇതിൽ ആമി ജാക്സനാണ് നായിക.