scorecardresearch
Latest News

സൗന്ദര്യസംരക്ഷണം, അഭിനയം, ജീവിതവിജയം, ഒന്നും എളുപ്പം കിട്ടുന്നതല്ല: ഐശ്വര്യ റായ് ബച്ചന്‍

“സൗന്ദര്യമോ ഫിറ്റ്‌നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല.”

സൗന്ദര്യസംരക്ഷണം, അഭിനയം, ജീവിതവിജയം, ഒന്നും എളുപ്പം കിട്ടുന്നതല്ല: ഐശ്വര്യ റായ് ബച്ചന്‍

പതിറ്റാണ്ടുകള്‍ ഏറെ കടന്നുപോയിട്ടും, പ്രായം നാല്‍പ്പതുകളില്‍ എത്തി നില്‍ക്കുമ്പോഴും, ലോകത്തെ അതിസുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ എന്ന ഐശ്വര്യ റായിയുടെ ഇമേജിന് മാത്രം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വെട്ടിയൊതുക്കിയ, ഫെയറി റെഡ് നിറം നല്‍കിയ മുടിയുമായി താന്‍ കയറിചെല്ലുന്ന ഓരോ ആള്‍ക്കൂട്ടത്തേയും ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഐശ്വര്യ.

സിനിമയോടുള്ള പോസിറ്റീവ് ആയ സമീപനവും സ്ഥിരോത്സാഹവുമെല്ലാം അണുകിട വ്യത്യാസം വരാതെ ഐശ്വര്യ ഇപ്പോഴും കൊണ്ടുനടക്കുകയാണ്. മുന്നിലെത്തുന്ന ഓരോ ആള്‍ക്കൂട്ടത്തെയും ആരവങ്ങളെയും ആരാധകവൃന്ദത്തേയും സ്‌നേഹത്തോടെയും സന്തോഷത്തോടെയും തന്നെ വരവേല്‍ക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ട്, സ്‌നേഹവും കരുതലുമുള്ള ഭാര്യ, വാത്സല്യവതിയായ അമ്മ തുടങ്ങിയ വിശേഷണങ്ങള്‍ കൂടി ആ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി എന്നു മാത്രം.

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബ്യൂട്ടി ക്വീന്‍-വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്.

‘സൗന്ദര്യമോ ഫിറ്റ്‌നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല. ഓരോന്നും അതിന്റേതായ അധ്വാനം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്.’

Read in English

അടുത്തിടെ ഇറങ്ങിയ ഐശ്വര്യയുടെ ഫന്നെ ഖാനെന്ന സിനിമയില്‍ ബേബി സിങ് എന്ന അമിത ശരീരഭാരമുള്ള പാട്ടുകാരിയായാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. സൗന്ദര്യത്തിനും ഗ്ലാമറിനും പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ഏറ്റെടുക്കാനും പരീക്ഷണാര്‍ത്ഥം ചെയ്യാനുമെല്ലാം എപ്പോഴും മുന്നോട്ട് വരുന്ന അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് ഐശ്വര്യ. ഫന്നെ ഖാനില്‍ മുഴുനീള കഥാപാത്രമല്ലെങ്കിലും കഥാപാത്രത്തിന്റെ പ്രാധാന്യത്തില്‍ സന്തോഷവതിയാണ് ഐശ്വര്യ. ഇന്ത്യയിലെ സ്ത്രീസമൂഹത്തിന് ഒന്നടക്കം പ്രചോദനം നല്‍കാന്‍ കഴിയുന്ന റോളുകളില്‍ ഒന്നാണ് ചിത്രത്തിലേത്. കുറച്ചുനാളുകള്‍ക്ക് മുന്‍പ്, ഗര്‍ഭാനന്തരം വര്‍ധിച്ച ശരീരഭാരത്തിന്റെ പേരില്‍ ഏറെ ബോഡി ഷെയിമിങ് നേരിട്ടെങ്കിലും അതൊന്നും വകവയ്ക്കാതെ തന്റെ മാതൃത്വത്തില്‍ അഭിമാനിച്ചു കൊണ്ട് കാനിന്റെ ചുവന്ന പരവതാനിയിലൂടെ നടന്ന് ഐശ്വര്യ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. സ്ത്രീസൗന്ദര്യത്തെ കുറിച്ചു നിലവിലുള്ള നിരവധി സങ്കല്‍പ്പങ്ങളെയും മിത്തുകളെയും അതുവഴി പൊളിച്ചെഴുതാനും ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു.

‘ജീവിതം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും വിമര്‍ശനങ്ങളും കളിയാക്കലുകളും കേള്‍ക്കുമ്പോഴുമൊക്കെ നെഗറ്റിവിറ്റിയിലേക്ക് വീണുപോകാതെ ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ ഉള്ളിലെ പോസിറ്റീവ് മനോഭാവം എന്നെയേറെ സഹായിച്ചിട്ടുണ്ട്. സ്‌കൂള്‍ കാലത്തും കോളേജ് കാലത്തും സിനിമയില്‍ വന്നപ്പോഴുമൊക്കെ ആ പോസിറ്റീവ് മനോഭാവം ഗുണകരമായി തന്നെയാണ് അനുഭവപ്പെട്ടത്. വളരെ ചെറുപ്പം മുതല്‍ തന്നെ, നെഗറ്റിവിറ്റികളില്‍ നിന്നും മാറി ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ നോക്കി കാണാനുള്ള ശേഷി ഞാന്‍ വികസിപ്പിച്ചെടുത്തിരുന്നു. അത്തരം ബാലന്‍സിങ്ങിന് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ജീവിതത്തില്‍ അനുഭവിക്കുമ്പോഴേ നമുക്ക് മനസ്സിലാവൂ. നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് സമ്മാനിക്കുന്ന ചെറുതും വലുതുമായ വേദനകളെ വരെ തുടച്ചുനീക്കാന്‍ ഈ പോസിറ്റിവിറ്റി നമ്മെ സഹായിക്കും. നമ്മളെല്ലാവരും മനുഷ്യരല്ലേ. ഇത്തരം പീഡകളിലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ല. അത്തരം അവസ്ഥകളെ ഉള്‍ക്കൊള്ളാനോ തള്ളിക്കളയാനോ അനുഭവപാഠമായി ഉള്‍ക്കൊള്ളാനോ ധൈര്യപൂര്‍വ്വം നേരിടാനോ ഒക്കെയുള്ള ഇച്ഛാശക്തി വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. നമ്മുടെ കാഴ്ചപ്പാട്, വീക്ഷണഗതി എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം.’

‘പറയുന്നത്ര എളുപ്പമല്ല ഇതെല്ലാം ജീവിതത്തിലേക്ക് പകര്‍ത്താനെന്ന് എനിക്കറിയാം. പലരെ സംബന്ധിച്ചും ഇതെല്ലാം ഏറെ ബുദ്ധിമുട്ടേറിയതും ശ്രമകരവുമായ കാര്യമാണെന്നുമറിയാം. നമ്മള്‍ നമ്മുടെ തന്നെ ആത്മസുഹൃത്തുക്കളാവുകയാണ് വേണ്ടത്. നമ്മോട് തന്നെ വിശ്വസ്തരായിരിക്കുക. അതുവഴി നമുക്ക് നമ്മളെ തന്നെ സഹായിക്കാന്‍ കഴിയും. മുറിവുകളും വേദനകളും സ്വയം സുഖപ്പെടുത്താനും എന്തിനെയും നേരിടാനുള്ള മനോബലം ആര്‍ജ്ജിച്ചെടുക്കാനും സാധിക്കും. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇതൊരു മന്ത്രം പോലെ ഞാനെന്നെ തന്നെ ഓര്‍മ്മപ്പെടുത്താറുണ്ട്.’

ഈ പോസിറ്റിവിറ്റി ഐശ്വര്യയുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നതിന് ആകര്‍ഷകമായ ആ വ്യക്തിത്വം തന്നെയാണ് സാക്ഷ്യം. ശരീരം ആരോഗ്യത്തോടെയും ആകാരഭംഗിയോടെയും നിലനിര്‍ത്താന്‍ വ്യായാമവും ഡയറ്റുമൊന്നും മുടക്കാതെ ബദ്ധശ്രദ്ധ തന്നെ നല്‍കുന്നുണ്ട് മുന്‍ ലോകസുന്ദരി. തന്റെ മെറ്റബൊളിക് റേറ്റ് കുറയാതെ നിലനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവാണ് താരം. ‘എന്റെ ശരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ വ്യായാമം ചെയ്യുന്നത്’എന്നാണ് ഐശ്വര്യ ഇതിനെ കുറിച്ചു പറയുന്നത്. ‘നിലവിലെ മെറ്റബൊളിക് റേറ്റില്‍ ഞാന്‍ സന്തോഷവതിയാണ്. ഞാനെപ്പോഴും ആക്ടീവായിരിക്കാന്‍ ശ്രമിക്കാറുണ്ട്. മടി പിടിച്ചിരിക്കാറില്ല. ആരോഗ്യകരമായ ഭക്ഷണവും അധ്വാനവുമാണ് എന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്. നിലവിലെ ആരോഗ്യത്തില്‍ സന്തുഷ്ടയാണെങ്കിലും ചെറിയ യോഗാമുറകള്‍ കൂടി ചെയ്തു തുടങ്ങണമെന്ന് ആഗ്രഹമുണ്ട്’, ഐശ്വര്യ പറയുന്നു.

‘കോസ്‌മെറ്റിക് സര്‍ജറി ട്രീറ്റ്‌മെന്റുകള്‍ പോലുള്ളവ അനാരോഗ്യകരമാണ്, അവ ചെയ്യേണ്ട ആവശ്യമില്ല എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പല ആളുകള്‍ക്കും നല്ല ശരീരമുണ്ടെങ്കിലും, സപ്ലിമെന്റുകള്‍ എടുക്കുന്നുണ്ട്. സപ്ലിമെന്റുകള്‍ എടുക്കുന്നത് നല്ലതോ ചീത്തയോ തുടങ്ങിയ വിഷയത്തില്‍ വര്‍ഷങ്ങളായി എറെ സംവാദങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം തീര്‍ത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്. എന്തു തീരുമാനം എടുക്കുമ്പോഴും മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുകയും ഓരോ ചികിത്സകളുടെയും ശാസ്ത്രീയമായ വശം പരിഗണിക്കുകയും ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.’ കോസ്‌മെറ്റിക് സര്‍ജറി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ സൗന്ദര്യ പരിപാലന രീതികളെ കുറിച്ച് ഐശ്വര്യ തന്റെ നയം വ്യക്തമാക്കുന്നു.

സൗന്ദര്യത്തിനും ശരീരഭംഗിയ്ക്കുമപ്പുറം സിനിമാലോകത്ത് നിലനില്‍ക്കുന്ന പ്രതിഫലകാര്യങ്ങളിലെ സമത്വമില്ലായ്മകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുകയും 2000 മുതല്‍ തന്നെ നടന്മാര്‍ക്കൊപ്പം പ്രതിഫലത്തുക കൈപ്പറ്റുകയും ചെയ്യുന്ന അഭിനേത്രിയാണ് ഐശ്വര്യ.

‘പല വര്‍ക്കുകളില്‍ നിന്നും ഞാനും പിന്മാറിയിട്ടുണ്ട്. മുഖ്യധാര മെയില്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം കാരണം സിനിമകള്‍ ബിഗ് പ്രൊജക്റ്റ് ആയിപ്പോയെന്നും, നമ്മളുടെ ബജറ്റ് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല, അതുകൊണ്ട് ബജറ്റില്‍ അനുരഞ്ജന ചര്‍ച്ചകളാവാം എന്നുമുള്ള മനോഭാവം ഉണ്ടാകുമ്പോള്‍ ‘ഓകെ, എന്നാല്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാവും നല്ലത് ‘ എന്നു പറഞ്ഞ് സന്തോഷത്തോടെ തന്നെ പിന്മാറാന്‍ ശ്രമിക്കാറുണ്ട്.. അതിനൊന്നും അനാവശ്യമായ പ്രാധാന്യം കൊടുക്കാറില്ല. അത്തരം കാര്യങ്ങള്‍ ഉറക്കെ, വ്യക്തമായി തന്നെ പറയണം. അത്തരം തുറന്നുപറച്ചിലുകള്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നുവെങ്കില്‍ അതൊരു പ്രശ്‌നവുമല്ല. മികച്ച തീരുമാനങ്ങളിലേക്കെത്താനും ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ ആസ്വദിച്ചു ചെയ്യാനുമുള്ള അവസരമാണ് അതുവഴി ലഭിക്കുന്നത്.’

Aiswarya Rai

ഈ കരുത്തും നിലപാടുകളിലെ ഉറപ്പും ദൃഢനിശ്ചയവുമാണ് ഐശ്വര്യ റായ് ബച്ചനെ കൈവെച്ച രംഗങ്ങളിളെല്ലാം പ്രമുഖ വ്യക്തിത്വമായി തന്നെ നിലനിര്‍ത്തുന്നതെന്ന് നിസ്സംശയം പറയാം. സഹസ്രാബ്ദത്തിന്റെ അവസാനവര്‍ഷങ്ങളില്‍, പുത്തന്‍ താരോദയങ്ങള്‍ ബോളിവുഡില്‍ ഉദയം ചെയ്തപ്പോഴേക്കും ഹോളിവുഡ് മെയിന്‍സ്ട്രീം സിനിമകളില്‍ തന്റെതായൊരു സ്‌പേസ് തന്നെ ഐശ്വര്യ നേടിയെടുത്തിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട പിങ്ക് പാന്തര്‍, ബ്രൈഡ് & പ്രെജുഡിസ് പോലുള്ള സിനിമകള്‍ ഹോളിവുഡിലും ഹിറ്റായിരുന്നു. ഹോളിവുഡ് ഓഫറുകള്‍ നിരവധി വന്നിട്ടും ബോളിവുഡ് മുഖ്യധാരാസിനിമകളില്‍ നിന്നും വലിയ ബ്രേക്കുകള്‍ എടുക്കാനോ ബോളിവുഡിനെ മറക്കാനോ ഐശ്വര്യ തയ്യാറായില്ല. ട്രോയ്, മിസ്റ്റര്‍ & മിസ്സിസ്സ് സ്മിത്ത് പോലുള്ള സിനിമകള്‍ ഐശ്വര്യ നിരസിച്ച വാര്‍ത്തകളും ബോളിവുഡ് അതിശയത്തോടെയാണ് കേട്ടത്. പുതിയ അവസരങ്ങളുടെ പേരില്‍ പഴയ പ്രതിബദ്ധതകള്‍ ഒന്നും മറക്കാതെ, മുന്‍ഗണന ക്രമത്തില്‍ പ്രൊജക്റ്റുകളെ പരിഗണിച്ച് ഐശ്വര്യ കാണിക്കുന്ന പ്രൊഫഷണലിസം മാതൃകാപരമാണ്.

‘ട്രോയ് എന്ന പ്രൊജക്റ്റുമായി എന്നെ സമീപിച്ചപ്പോള്‍ ആറു മുതല്‍ ഒമ്പതു മാസമൊക്കെയാണ് സമയം ചോദിച്ചത്. വലിയ സിനിമയായതു കൊണ്ട് നീണ്ട കാലത്തേക്ക് നമ്മള്‍ ആ പ്രൊജക്റ്റില്‍ കുരുങ്ങിപ്പോവും. സിനിമയുടെ വലിപ്പവും ക്രൂവുമെല്ലാം നമ്മളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണെങ്കിലും, അവരുമായി കരാര്‍ ഏര്‍പ്പെട്ടാല്‍ മുമ്പ് നമ്മള്‍ ഏറ്റെടുത്ത പല പ്രൊജക്റ്റുകളെയും അതു ബാധിക്കും. അത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് പിന്‍മാറിയത്.’ ഐശ്വര്യ പറയുന്നു.

‘പ്രശ്‌നങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ അനാവശ്യമായി വേവലാതി പെടാറില്ല. എന്നെ ഞാനായി സ്വീകരിക്കുന്ന പ്രേക്ഷകര്‍ ആണ് കരുത്തുപകരുന്നത്. കാര്യങ്ങളെ നമ്മളെങ്ങനെ എടുക്കുന്നു എന്നതിന് അനുസരിച്ചാണ് ജീവിതം വെല്ലുവിളി നിറഞ്ഞതോ ദുസ്സഹമോ ഒക്കെയായി മാറുന്നത്. വ്യക്തികളെ സംബന്ധിച്ച് ആപേക്ഷികമാണ് സമീപനങ്ങള്‍. നമ്മുടെ ജീവിതത്തെ കുറിച്ച്, എന്താണ് നമുക്ക് ആവശ്യം എന്നതില്‍ വ്യക്തത ഉണ്ടായിരിക്കുക. ഇതൊരുപാടു ഉത്തരവാദിത്തമുള്ള കാര്യമാണ്. ഏറെ കഠിനാധ്വാനം വേണം. ഓരോരുത്തരും അവരുടെ മനകരുത്തിന് അനുസരിച്ച് പോരാടി വിജയം നേടുക. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഫലവും നന്നാവൂ. ഒന്നും എളുപ്പത്തില്‍ ലഭിക്കില്ല.’ ഐശ്വര്യ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aishwarya rai bachchan fanney khan beauty tips acting hard work