അനുദിനമെന്ന പോലെ മാറികൊണ്ടിരിക്കുന്ന ഒരിടമാണ് ഫാഷൻലോകം. അവിടെയാണ് 20 വർഷമായി ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഐശ്വര്യ തിളങ്ങുന്നത്. മറ്റാർക്കും പകരമാവാനാവാത്തെ താരസാമിപ്യമായി ജ്വലിച്ചുനിൽക്കുന്നത്. പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കഴിഞ്ഞ 20 വർഷകാലവും ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറായി കാനിലെ റെഡ് കാർപെറ്റിൽ ഐശ്വര്യ ചുവടുവെച്ചു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’.
കാൻ ചലച്ചിത്രമേളയുടെ വേദിയിൽ നിന്നും ഐശ്വര്യ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമകൾക്കിടയിലെ ഇടവേളകളോ ക്യാമറയ്ക്കു മുന്നിൽ നിന്നുള്ള മാറിനിൽക്കലുകളോ തന്നെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ.
“ഞാനൊരു പോസിറ്റീവ് വ്യക്തിയാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷകാലം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. സമയം കടന്നുപോവുന്നു, സിനിമകൾ ഇറങ്ങുന്നില്ലല്ലോ തുടങ്ങിയ കാര്യങ്ങളൊന്നും എന്നെ ബാധിച്ചില്ല. അയ്യോ ഈ വർഷം റിലീസ് ഇല്ലല്ലോ, സമയം വെറുതെ പോകുന്നല്ലോ എന്നൊക്കെ ചിന്തിക്കുന്ന ആളല്ല ഞാൻ. എന്റെ മനസ്സെന്നോട് പറഞ്ഞത് യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാണ്. ജീവിതമായിരുന്നു പ്രധാനം. എനിക്കൊരു കുഞ്ഞുണ്ട്, പ്രായമായവർ വീട്ടിലുണ്ട്. എല്ലാവരും സേഫ് ആയിരിക്കുന്നു എന്നു ഉറപ്പുവരുത്തണമായിരുന്നു. അല്ലാതെ മറ്റു കാര്യങ്ങളെ കുറിച്ചൊന്നും ഞാൻ ആലോചിച്ചില്ല. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അതിന്റെ പ്രാധാന്യത്തോടെ പരിഗണിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ, അത് വ്യക്തിപരമായ ജീവിതമായാലും കരിയറായാലും യാഥാർത്ഥ്യമായാലും. ആമയും മുയലും കഥയിലെ ആമയെ പോലെയാണ് ഞാൻ, ഫോക്കസ് ചെയ്ത് സമയമെടുത്ത് അതിനു പിന്നാലെ യാത്ര ചെയ്ത് ലക്ഷ്യത്തിലെത്തുന്ന ഒരാളാണ് ഞാൻ. അതാണ് എന്നുമെന്റെ സ്റ്റോറി,” ഐശ്വര്യ പറയുന്നു.
സിനിമകളിലെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അവരും സിനിമയുടെ അവിഭാജ്യഘടകമാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. “ഇന്ന് ഇൻഡസ്ട്രിയുടെ എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പ്രതിഭകൾക്ക് അവസരം ലഭിക്കേണ്ടത് അവരുടെ ജെൻഡർ നോക്കാതെയാവണം.”
സിനിമയിലെ തന്റെ ഗുരു മണിരത്നത്തിനൊപ്പം ഒരിക്കൽ കൂടി കൈകോർക്കുന്നതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. “എന്റെ ചിരകാല സ്വപ്നമാണ് ‘പൊന്നിയിൻ സെൽവൻ’ സിനിമയാക്കുക എന്നത്’ എന്നാണ് മാണി സാർ എന്നോട് ആദ്യം പറഞ്ഞത്. ഹാസിനി മാഡവും പറഞ്ഞു എത്രയോ കാലമായി മണി കൊണ്ട് നടക്കുന്ന സ്വപ്നമാണ് ഇത് എന്ന്. തന്റെ സ്വപ്നത്തിന്റെ ഭാഗമാകാൻ മണി സാർ എന്നെ വിളിച്ചു എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം,” ഐശ്വര്യ പറഞ്ഞു.
“ഞാൻ ഏതു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് ആ കഥ വായിച്ചിട്ടുള്ള വായിച്ചിട്ടുള്ള എല്ലാവർക്കും ഇതിനോടകം മനസ്സിലായി കാണും. അത് നന്നായി അവതരിപ്പിച്ചു എന്നും കാണുന്നവർക്ക് അത് ഇഷ്ടപ്പെടും എന്നുമാണ് ഞാൻ കരുതുന്നത്.”