=ബോളിവുഡ് അഭിനേത്രിയും മുന്‍ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന് ഇന്ന് 45 വയസ്സ് തികയുന്നു. എന്നാല്‍ പ്രായം കൂടും തോറും പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാവുകയാണവര്‍. കഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ വിജയം കണ്ടില്ല എങ്കിലും രാജ്യത്തെ സിനിമാ പരസ്യ മോഡലിങ് മേഖലയില ‘ഇന്‍-ഡിമാന്‍ഡ്‌’ മുഖങ്ങളില്‍ ഏറ്റവും മുകളില്‍ തന്നെയാണ് ഇന്നും ഐശ്വര്യയുടെ സ്ഥാനം. സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’.

1973 നവംബർ ഒന്നിന് ആണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റ് കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് കടക്കുന്നത്. 1994 ലെ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്.  ലോകത്തിൽ ഏറ്റവും സൗന്ദര്യമുളള സ്ത്രീയെന്ന് ഐശ്വര്യയെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്.

Aishwarya Rai

1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ഇതിൽ മോഹൻലാലിന്റെ നായികാ വേഷമായിരുന്നു.  മോഹൻലാലിനൊപ്പം മാത്രമല്ല മലയാളത്തിലെ മറ്റു പ്രമുഖ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, കലാഭവൻ മണി എന്നിവർക്കൊപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Read More: ഹലോ മിസ്റ്റര്‍ എതിര്‍കക്ഷി: ലോക സുന്ദരിക്കൊപ്പം തിളങ്ങിയ നമ്മുടെ താരങ്ങള്‍

1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ സിനിമയാണ് ഐശ്വര്യയെ ശ്രദ്ധേയമാക്കിയത്. ‘ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം  വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലും ചുവടുറപ്പിച്ചു. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു.   തുടര്‍ന്ന് സഞ്ജയ് ലീല ബൻസാലിയുടെ ‘ദേവദാസി’ലും ഐശ്വര്യ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.

ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ‘ബ്രൈഡ് ആൻ പ്രിജുഡിസ്’ (2003), ‘മിസ്‌ട്രസ് ഓഫ് സ്പൈസസ്’ (2005), ‘ലാസ്റ്റ് ലിജിയൻ; (2007) എന്നീ രാജ്യാന്തര ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്നു. മകൾ ആരാധ്യയുടെ ജനനശേഷം വീണ്ടും ബോളിവുഡിൽ സജീവയായി.  ഇപ്പോള്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊത്ത് ‘ഗുലാബ് ജാമുന്‍’ എന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു.

Read More: വേഷപ്പകര്‍ച്ച: പതിനാറു വര്‍ഷം മുന്‍പുള്ള ഐശ്വര്യയുടെ ‘ദേവ്ദാസ്‌’ ലുക്ക്‌ ടെസ്റ്റ്‌ ചിത്രം പുറത്ത്

പതിറ്റാണ്ടുകള്‍ ഏറെ കടന്നുപോയിട്ടും, പ്രായം നാല്‍പ്പതുകളില്‍ എത്തി നില്‍ക്കുമ്പോഴും, ലോകത്തെ അതിസുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ എന്ന ഐശ്വര്യ റായ്‌യുടെ ഇമേജിന് മാത്രം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. വെട്ടിയൊതുക്കിയ, ഫെയറി റെഡ് നിറം നല്‍കിയ മുടിയുമായി താന്‍ കയറിചെല്ലുന്ന ഓരോ ആള്‍ക്കൂട്ടത്തേയും ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഐശ്വര്യ.

സിനിമയോടുള്ള പോസിറ്റീവ് ആയ സമീപനവും സ്ഥിരോത്സാഹവുമെല്ലാം അണുവിട വ്യത്യാസം വരാതെ ഐശ്വര്യ ഇപ്പോഴും കൊണ്ടുനടക്കുകയാണ്. മുന്നിലെത്തുന്ന ഓരോ ആള്‍ക്കൂട്ടത്തെയും ആരവങ്ങളെയും ആരാധകവൃന്ദത്തേയും സ്‌നേഹത്തോടെയും സന്തോഷത്തോടെയും തന്നെ വരവേല്‍ക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ട്, സ്‌നേഹവും കരുതലുമുള്ള ഭാര്യ, വാത്സല്യവതിയായ അമ്മ തുടങ്ങിയ വിശേഷണങ്ങള്‍ കൂടി ആ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി എന്നു മാത്രം.

Read More: ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് കാന്‍സര്‍ ബാധിതയായിരുന്ന അധ്യാപികയ്ക്ക് വേണ്ടി: ഐശ്വര്യ റായ്

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബ്യൂട്ടി ക്വീന്‍-വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്.

“സൗന്ദര്യമോ ഫിറ്റ്‌നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല. ഓരോന്നും അതിന്റേതായ അധ്വാനം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്”.

Read More: സൗന്ദര്യസംരക്ഷണം, അഭിനയം, ജീവിതവിജയം, ഒന്നും എളുപ്പം കിട്ടുന്നതല്ല: ഐശ്വര്യ റായ് ബച്ചന്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook