ഐശ്വര്യറായ് ബച്ചൻ- ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, രാജ്യാന്തര വേദികളിലെ റെഡ് കാര്‍പെറ്റില്‍ പലപ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ‘ബ്യൂട്ടി ക്വീന്‍’ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ‘ഐക്കണിന്’.
പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് രണ്ടര ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’.
2002 മുതൽ കാൻ ചലച്ചിത്രമേളയിലെ സ്ഥിരസാന്നിധ്യമാണ് ഐശ്വര്യ. സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. അന്നുമുതൽ ഇങ്ങോട്ട് ഐശ്വര്യ കാനിലെ റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ക്യാമറകണ്ണുകൾ ചിത്രങ്ങൾ ഒപ്പിയെടുക്കാനായി മത്സരിക്കും. ഏത് ഔട്ട്ഫിറ്റിലാണ് ഐശ്വര്യ എത്തുന്നതെന്ന് ആകാംക്ഷയോടെ ഫാഷൻലോകവും ഉറ്റുനോക്കും.
75-ാമത് കാൻ ചലച്ചിത്രമേളയുടെ വേദിയിലേക്കും സ്വപ്നസമാനമായൊരു എൻട്രിയാണ് ഐശ്വര്യ നടത്തിയിരിക്കുന്നത്. ഐശ്വര്യ ധരിച്ച ബ്ലാക്ക് നിറത്തിലുള്ള ഗൗണിന്റെ പ്രധാന ആകർഷണം ത്രിഡി ഫ്ളോറൽ മോട്ടിഫ് വർക്കുകളായിരുന്നു. ഡോൾസ് ആൻഡ് ഗബ്ബാനയുടെ ഗൗണാണ് ഐശ്വര്യ അണിഞ്ഞത്.
ഇത്തവണ ഐശ്വര്യയ്ക്ക് ഒപ്പം അഭിഷേകും മകൾ ആരാധ്യയും കാനിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മുംബൈ എയർപോർട്ടിൽ നിന്നുമാണ് ഇവർ ഫ്രാൻസിലേക്ക് പറന്നത്.