scorecardresearch

ഐശ്വര്യയേയും അനുഷ്കയേയും പ്രിയങ്കയേയുമൊക്കെ ട്രോളി കൊല്ലുന്ന ട്രോളന്മാർക്ക് നടന്മാരെ തൊടാൻ ഭയമോ?

അമീർഖാനും ഷാരൂഖ് ഖാനും അക്ഷയ് കുമാറുമടക്കം അറുപതിനോട് അടുത്ത താരങ്ങളൊക്കെ ഇപ്പോഴും സൂപ്പർസ്റ്റാറുകളായി തുടരുമ്പോൾ എന്തുകൊണ്ടാണ് അഭിനേത്രികൾ മാത്രം അനാവശ്യമായ ട്രോളിംഗിന് ഇരയാവുന്നത്?

അമീർഖാനും ഷാരൂഖ് ഖാനും അക്ഷയ് കുമാറുമടക്കം അറുപതിനോട് അടുത്ത താരങ്ങളൊക്കെ ഇപ്പോഴും സൂപ്പർസ്റ്റാറുകളായി തുടരുമ്പോൾ എന്തുകൊണ്ടാണ് അഭിനേത്രികൾ മാത്രം അനാവശ്യമായ ട്രോളിംഗിന് ഇരയാവുന്നത്?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan trolling | Aishwarya Rai fat shaming | Aishwarya Rai hate | Anushka Sharma plastic surgery | Bollywood actresses trolling

സിനിമയിൽ പ്രായം തൊടുന്നത് നടിമാരെ മാത്രമോ?

മുൻ ലോകസുന്ദരി പട്ട ജേതാവും അഭിനേത്രിയും ലോകോത്തര ബ്രാൻഡുകളുടെ അംബാസിഡറും ഭാര്യയും അമ്മയും സെൽഫ്-മെയ്ഡ് പബ്ലിക് ഫിഗറുമായ ഐശ്വര്യ റായി ബച്ചൻ പാരിസ് ഫാഷൻ വീക്കിൽ ഒരു ഗോൾഡൻ കേപ്പ് ഗൗൺ അണിഞ്ഞ് റാമ്പ് വാക്ക് നടത്തിയത് ഏതാനും ആഴ്ചകൾക്കു മുൻപാണ്. ലോകമെമ്പാടുമുള്ള സുന്ദരികളും വിജയികളുമായ സ്ത്രീകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട്, സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ഐശ്വര്യ റാമ്പിൽ നടക്കുമ്പോൾ ഖേദകരമെന്നു പറയട്ടെ, താരത്തെ അഭിനന്ദിക്കുന്നതിനു പകരം ബോഡി ഷേമിംഗ് കമന്റുകൾ ചൊരിയുകയായിരുന്നു സമൂഹമാധ്യമങ്ങൾ. ഐശ്വര്യയുടെ ശരീരഭാരം കൂടിയതു മുതൽ അവർ ഉപയോഗിച്ച കോസ്മറ്റിക് പ്രോസീജറിനെ വരെ കുറ്റപ്പെടുത്തിയുള്ള കമന്റുകളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

Advertisment

പാരീസ് ഫാഷൻ വീക്കിൽ മാത്രമല്ല, മുൻപ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെ ഐശ്വര്യയുടെ വസ്ത്രധാരണം, ഹെയർസ്റ്റെൽ എന്നിവയും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഈ പ്രായത്തിലും എല്ലാ വർഷവും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനും പ്രസക്തയായി തുടരുന്നതിനും അവരെ അഭിനന്ദിയ്ക്കാതെ ആർത്തിയോടെ കൊത്താൻ ആഞ്ഞടുക്കുന്ന പക്ഷികളെ പോലെയാണ് പലപ്പോഴും സോഷ്യൽ മീഡിയയ്ക്ക് ഐശ്വര്യയോടുള്ള സമീപനം.

ഈ സോഷ്യൽ ഓഡിറ്റിംഗ് പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. നമ്മൾ എല്ലായ്‌പ്പോഴും ഇത്തരത്തിൽ മോശമായ സമീപനം ഉളളവരായിരുന്നോ? അതോ സോഷ്യൽ മീഡിയ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ തിന്മകളെ പുറത്തള്ളാനുള്ള ഒരിടമായി മാറിയിട്ടുണ്ടോ? നേരിൽ അറിയാത്ത സ്ത്രീകളെ വിമർശിക്കുന്നതിൽ നിന്നും എന്തുതരം വികൃതമായ സംതൃപ്തിയാണ് ആളുകൾക്ക് ലഭിക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരം ഇൻസെൻസിറ്റിവിറ്റികൾ ഓൺലൈനിൽ ഒരു വിഭാഗം ആളുകൾക്ക് ന്യായമായും തൃപ്തികരമായും തോന്നുന്നത്?

ഇത് ഐശ്വര്യറായ് മാത്രം നേരിടുന്ന പ്രശ്നമല്ല. ഒന്നു ഗൂഗിൾ ചെയ്ത് നോക്കിയാൽ ധരിച്ച വസ്ത്രത്തിന്റെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളുടെയും സ്വകാര്യ ജീവിതത്തിന്റെയും പേരിൽ വിമർശനം നേരിടേണ്ടി വരുന്ന നിരവധി നടിമാരെ കാണാം. മലൈക അറോറയുടെ നടത്തവും വിദ്യാ ബാലന്റെ അരക്കെട്ടും അനുഷ്ക ശർമ്മയുടെ ചുണ്ടും ജാൻവി കപൂറിന്റെ കോസ്മറ്റിക്ക് ശസ്ത്രക്രിയകളുമൊക്കെ ഇത്തരത്തിൽ സോഷ്യൽ മീഡിയ ട്രോളുകളിൽ സജീവമാണ്.

Advertisment

ഗായികയും നടിയുമായ സഭാ ആസാദിന് ലാക്മെ ഫാഷൻ വീക്കിലെ തന്റെ വേഷത്തിന്റെ പേരിൽ നേരിടേണ്ടി വന്നത് ക്രൂരമായ വിമർശനങ്ങൾ ആണ്. ഇടതടവില്ലാതെ വെള്ളം ഒഴുകുന്ന പൊട്ടിയ മേൽക്കൂരയിൽ നിന്ന് കുറച്ചു വെള്ളം തൂത്തെറിയുന്നത് പോലെയാണിതെന്ന് ഇതിനെതിരെ സബ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ ഈ വിദ്വേഷം കൈകാര്യം ചെയ്യാൻ ആദ്യം തനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നാണ് സബ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.

"എല്ലായിടത്തുനിന്നും നെഗറ്റിവിറ്റി കടന്നുവരുന്ന ഈ സ്പേസിലേക്ക് കടന്നുവരാനും അതിനെ അഭിമുഖീകരിക്കാനും എനിക്ക് കുറച്ചു സമയമെടുത്തു. ഞാൻ കല്ലുകൊണ്ട് നിർമ്മിച്ചതൊന്നുമല്ലല്ലോ, ഇതെല്ലാം നമ്മളെ ബാധിക്കും. നമ്മളൊന്നിനും കൊള്ളില്ലെന്ന തോന്നലിൽ കൊണ്ടെത്തിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്. ഞാൻ ഇവരോടൊക്കെ എന്തു ചെയ്തിട്ടാണ് എന്ന സങ്കടത്തോടെ ഉണർന്നു വന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്," സബ പറയുന്നു.

ഈയടുത്ത് വിവാഹിതയായ പരിണീതി ചോപ്ര തന്റെ ബ്രൈഡൽ വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന്റെ പേരിലാണ് ട്രോൾ ചെയ്യപ്പെട്ടത്. ധരിച്ചിരുന്ന ലെഹങ്കയുടെ നിറത്തിലും വേദിയിലേക്കുള്ള വധുവിന്റെ പ്രവേശന സമയത്ത് ഉപയോഗിച്ച ഗാനത്തിലുമൊക്കെ തെറ്റ് കണ്ടെത്തുകയായിരുന്നു ട്രോളന്മാർ. വിവാഹ ദിനത്തിൽ മറ്റുള്ളവരുടെ പ്രതീക്ഷയ്ക്ക് ഒത്തു ഉയരുക എന്ന അമിതഭാരം കൂടി വഹിക്കുകയാണ് സെലിബ്രിറ്റികൾ.

ദുഃഖകരമെന്നു പറയട്ടെ, എപ്പോഴും സുന്ദരിയായി കാണാനുള്ള ഈ സമ്മർദ്ദം നമ്മൾ സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഒരു ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിലൂടെ ഒന്നു നടന്നുനോക്കൂ, ക്രീമുകൾ, ലോഷനുകൾ, കൺസീലറുകൾ, പ്രൈമറുകൾ, ആന്റി-ഏജിംഗ് ക്രീമുകൾ, ഫൈൻ ലൈൻ റിഡ്യൂസറുകൾ, ചുളിവുകൾ നീക്കം ചെയ്യാനുള്ള പ്രൊഡക്റ്റുകൾ, ഡാർക്ക് സ്‌പോട്ട് റിഡക്ഷൻ സെറം എന്നിങ്ങനെ ആകർഷണീയത വർധിപ്പിക്കാനുള്ള വ്യത്യസ്ത വസ്തുക്കളുടെ വലിയ നിര തന്നെ കാണാം.

എന്നാൽ അമീർഖാനും ഷാരൂഖ് ഖാനും അക്ഷയ് കുമാറും സൽമാൻ ഖാനും അടക്കം 60നോട് അടുത്ത താരങ്ങൾ പോലും അവരുടെ യഥാർത്ഥ പ്രായത്തിലുള്ള കഥാപാത്രങ്ങളെയല്ല അവതരിപ്പിക്കാറുള്ളത്. സിനിമകളിൽ പലപ്പോഴും അവരുടെ പ്രായം 30കളിലും 35ലുമൊക്കെ കുടുങ്ങി കിടക്കുകയാണ്. 'കിസി കി ഭായ് കിസി കി ജാനി'ൽ തന്റെ പകുതി പ്രായമുള്ള പൂജാ ഹെഗ്‌ഡെയെ പ്രണയിക്കുന്ന സൽമാൻ ഖാൻ, എല്ലാ സിനിമകളിലും പ്രായം കുറഞ്ഞ നടിമാരോടൊപ്പം പ്രവർത്തിക്കുന്ന അക്ഷയ് കുമാർ.... എന്നാൽ അവരുടെ അതേ പ്രായത്തിലുള്ള, തുടക്കക്കാലത്ത് അവരുടെ നായികമാരായി അഭിനയിച്ച അഭിനേത്രികൾ ഇന്ന് അമ്മ വേഷങ്ങളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രം ഒതുങ്ങുന്നു.. കാരണം ബിഗ് സ്ക്രീൻ നായകന്റെ കാമുകിയായി അഭിനയിക്കാൻ ഒരു നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകളെ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. സിനിമാലോകത്ത് പ്രായം തൊടുന്നത് നടിമാരെ മാത്രമാണല്ലാ!

സ്ത്രീകളുടെ രൂപം എന്തു കൊണ്ടാണ് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത്? അതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഐശ്വര്യ, പ്രിയങ്ക, വിദ്യ, പരിനീതി, മലൈക, അനുഷ്‌ക - ഇവ ഓൺലൈനിലോ ഓഫ്‌ലൈനിലോ വെറും ട്രോളുകളിൽ നിറഞ്ഞുനിൽക്കേണ്ട പേരുകളല്ല. മറ്റുള്ളവരെപ്പോലെ ഹൃദയവും മനസ്സുമുള്ള സ്ത്രീകളാണിവർ, അവരുടെ യോഗ്യത നിർണ്ണയിക്കുന്നത് അവരുടെ പ്രായമോ വസ്ത്രധാരണമോ മറ്റേതെങ്കിലും സ്ഥിതിവിവരക്കണക്കുകളോ അല്ല. ദുഃഖകരമെന്നു പറയട്ടെ, ഇത്തരം ക്രൂരതകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമാവുകയാണ്. നമ്മുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വേദനയുടെയും അപമാനത്തിന്റെയും ചുളിവുകളും കറുത്തപാടുകളും മായ്‌ക്കാൻ കഴിയുന്ന ഒരു സൗന്ദര്യവർദ്ധക ചികിത്സ നമുക്ക് ഉടൻ ആവശ്യമായി വരും.

സരസ്വതി ദാതാർ തയ്യാറാക്കിയ ലേഖനം


Aishwarya Rai Bachchan Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: