സിനിമാസ്വാദകർ ഏറെ ആരാധനയോടെ നോക്കി കാണുന്ന രണ്ടു താരങ്ങളാണ് ഐശ്വര്യ റായിയും ശോഭനയും. ഇരുവരുടെയും സ്ക്രീൻ പ്രസൻസിനെയും ഗ്രേസിനെയും പറ്റി വർണിക്കാത്തവർ തന്നെ കുറവായിരിക്കും. ഏതൊരു സിനിമാ പ്രേമിയുടെയും സ്വപ്നമാണ് ഇവരെ ഒന്നിച്ച് സ്ക്രീനിൽ കാണുക എന്നത്. ഒരുമിച്ച് ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിലും ഐശ്വര്യയുടെ പിറന്നാൾ ദിവസം ഒരു ആരാധകൻ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഐശ്വര്യയുടെയും ശോഭനയുടെയും വിവിധ ചിത്രങ്ങളിലെ ഒരേ പോലെ തോന്നിക്കുന്ന ഫ്രെയിമുകളടങ്ങിയ വീഡിയോയാണ് വൈറലാകുന്നത്. ചിത്രങ്ങളിലെ മാത്രമല്ല അഭിമുഖങ്ങളിലെയും ഫ്രെയിമുകൾ ഇതിലടങ്ങിയിട്ടുണ്ട്. കൂടൂതലും സന്തോഷ് ശിവൻെറ ക്യാമറയിൽ നിന്നും പിറന്ന ഷോട്ടുകളാണെന്നത് രസകരമായ കാര്യമാണ്.
എന്തായാലും ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. സഹോദരിമാരെ പോലെ തോന്നിപ്പിക്കുന്നു എന്നതിൽ തുടങ്ങി ആരാണ് കൂടുതൽ സുന്ദരി? എന്നുളള കമൻറു യുദ്ധത്തിൽ വരെയെത്തി നിൽക്കുന്നു ആരാധക സ്നേഹം.
മണിരത്നത്തിൻെറ സംവിധാനത്തിൽ ഒരുങ്ങിയ രാവണനിൽ ഐശ്വര്യയെ നൃത്തം പഠിപ്പിച്ചത് ശോഭനയായിരുന്നു. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ശോഭന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പൊന്നിയിൻ സെൽവൻ എന്ന പുതിയ ചിത്രത്തിലൂടെ ഐശ്വര്യയുടെ സ്ക്രീൻ പ്രസൻസ് വീണ്ടും ആഘോഷിക്കപ്പെടുമ്പോൾ ശോഭന എന്ന അഭിനേത്രി വീണ്ടും സ്ക്രീനിൽ നിറയുമെന്ന പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നവരായിരിക്കും ഒരോ സിനിമാസ്വാദകനും.