ഐശ്വര്യ റായിയേയും രൺബീർ കപൂറിനേയും ഒരുമിച്ച് കണ്ട ഏക ചിത്രം 2016ൽ പുറത്തിറങ്ങിയ യേ ദിൽ ഹേ മുശ്കിൽ ആയിരുന്നു. രൺബീറിന്റേയും ഐശ്വര്യയുടേയും ഒരു പഴയകാല ചിത്രമാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
കരൺ ജോഹർ സംവിധാനം ചെയ്ത യേ ദിൽ ഹേ മുശ്കിലിൽ രൺബീറിനും ഐശ്വര്യയ്ക്കും പുറമെ അനുഷ്ക ശർമയും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. ഷാരൂഖ് ഖാൻ, ആലിയ ഭട്ട് എന്നിവർ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. പാക് നടൻ ഫവാദ് ഖാനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. ചിത്രത്തിൽ ഐശ്വര്യയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിഷേക് ബച്ചനുമായുളള വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന ഐശ്വര്യ മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും സിനിമയിലേക്കെത്തിയത്. 2018 ൽ പുറത്തിറങ്ങിയ ‘ഫന്നേ ഖാൻ’ ആണ് ഐശ്വര്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന ‘ഗുലാബ് ജാമുൻ’ അണിയറയിൽ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് ആണ് ചിത്രം നിർമ്മിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. അടുത്തിടെ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു മുൻപ് മണിരത്നത്തിന്റെ ‘ഇരുവർ’, ‘ഗുരു’, ‘രാവൺ’ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2018ൽ പുറത്തിറങ്ങിയ സഞ്ജുവാണ് രൺബീറിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ, മൗനി റോയ് എന്നിവർ അഭിനയിക്കുന്ന അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ഫാന്റസി ട്രൈലോജിയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. വാണി കപൂർ, സഞ്ജയ് ദത്ത് എന്നിവർ അഭിനയിക്കുന്ന ഷംഷെറയിലും താരം അഭിനയിക്കും.