ഐശ്വര്യ റായ് ബച്ചന്, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്നു ഐശ്വര്യമാര്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രം ഒരുങ്ങുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലാണ് ഇവര്‍ ഒന്നിച്ചെത്തുന്നത്.
ഐശ്വര്യ റായ് ബച്ചന്, ഐശ്വര്യ രാജേഷ് എന്നിവര്‍ മണിരത്നവുമായി ഇതിനു മുന്‍പും കൈകൊര്‍ത്തിട്ടുണ്ട്. ‘ഇരുവര്‍,’ ‘ഗുരു,’ ‘രാവണ്‍’ എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യാ റായ് ബച്ചന് മണിരത്നവുമൊത്ത് പ്രവര്‍ത്തിച്ചത്. അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ‘ചെക്ക ചിവന്ത വാന’ത്തില്‍ ഐശ്വര്യാ രാജേഷ് ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ഐഷു എന്ന ഐശ്വര്യ ലക്ഷ്മിയ്ക്ക് ഇത് ആദ്യമായാണ് ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ഫിലിംമേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണിരത്നത്തിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുന്നത്.
Read Here: മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ഷൂട്ടിങ് ആരംഭിച്ചു

“ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോൾ ഉണ്ടായ അതേ ടെൻഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ അനുഭവിച്ച ടെൻഷൻ എനിക്ക് വിവരിക്കാൻ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനിൽ തന്നെ സർ ഓക്കെ പറഞ്ഞു,” ‘പൊന്നിയിന്‍ സെല്‍വനില്‍ എത്തിയ വഴികളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.
കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവന്’ എന്ന പീരീഡ് ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി എത്തുമ്പോള്‍ മണിമേഖലൈ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുക. ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന് എത്തുന്നത്. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read Here: ഗുരുവിനടുത്തേക്ക് വീണ്ടും: മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ഐശ്വര്യ റായ്
മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മണിരത്നത്തിന്റെ ‘ഇരുവറി’ലൂടെയായിരുന്നു ഐശ്വര്യറായുടെ സിനിമാ അരങ്ങേറ്റം. ‘ഇരുവറി’ൽ കൽപ്പന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റെയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു. ഇപ്പോൾ ഇതാ, 22 വർഷങ്ങൾക്കു ശേഷം തന്റെ ഗുരുവിന്റെ ചിത്രത്തിൽ വീണ്ടും ഇരട്ടവേഷമണിയുകയാണ് ഐശ്വര്യ.
“എന്റെ ഗുരുവാണ്. മണി സാർ പറയുന്ന ഏതു റോളിലും അഭിനയിക്കാൻ സന്തോഷമേയുളളൂ. ഞാൻ പൊന്നിയിൻ സെൽവനിൽ’ അഭിനയിക്കുന്നുണ്ട് എന്ന് തീർച്ചയാണ്. പക്ഷേ കഥാപാത്രത്തിന്റെ വിശദാംശം മണി സർ തന്നെ പറയുന്നത് വരെ കാത്തിരിക്കുന്നതാണ് അതിന്റെ ശരി,” ‘ദി ഹിന്ദു’വിന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ റായ് ബച്ചന് വ്യക്തമാക്കി.
Read Here: നാല് നായികമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു, സംവിധായകനാണ് താരം

തായ്ലൻഡില് നടക്കുന്ന ‘പൊന്നിയിന്‍ സെല്‍വനി’ന്റെ ആദ്യ ഷെഡ്യൂളില്‍ ജയം രവി, കാര്‍ത്തി എന്നിവരാണ് പ്രധാനമായുമുള്ളത്. 40 ദിവസത്തെ ഷെഡ്യൂളാണ് തായ്ലന്ഡില് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. രണ്ടു ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചനെ കൂടാതെ ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, നാസർ, സത്യരാജ്, പാർത്ഥിബൻ, ശരത് കുമാർ, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വൻതാരനിര തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതു വരെ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്, ജയമോഹന് (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്മ്മന്, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര് റഹ്മാന്.