മുംബൈ: മുംബൈ നാനാവതി ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചൻ, മകള്‍ എട്ടുവയസുകാരി ആരാധ്യ ബച്ചൻ എന്നിവരെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ ആശുപത്രിയിൽ നിന്നും തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ആശുപത്രി വിടും മുൻപ് കൊച്ചുമകൾ ആരാധ്യ തന്നോട് പറഞ്ഞ കാര്യം പങ്കുവയ്ക്കുകയാണ് അമിതാഭ് ബച്ചൻ ഇപ്പോൾ. എത്രയും പെട്ടെന്ന് അസുഖം ഭേദമായി വീട്ടിലെത്തൂ എന്ന ആശംസയാണ് ആരാധ്യ മുത്തശ്ശനായി നൽകിയത്.

“അവർ വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. കണ്ണുനീർ ഒഴുകുകയാണ്, കൊച്ചുമകൾ എന്നെ ആലിംഗനം ചെയ്ത് കരയരുതെന്ന് പറഞ്ഞു, നിങ്ങൾ ഉടനെ വീട്ടിലെത്തുമെന്നും അവൾ ഉറപ്പുനൽകി. ഞാൻ അവളെ വിശ്വസിക്കുന്നു,” ബച്ചൻ കുറിക്കുന്നു.

ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് മടങ്ങിയെങ്കിലും ചികിത്സയ്ക്കായി അമിതാഭ് ബച്ചനും അഭിഷേകും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

അഭിഷേക് ബച്ചനാണ് തിങ്കളാഴ്ച ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് മടങ്ങിയ കാര്യം ട്വീറ്റ് ചെയ്തത്. ” നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഇപ്പോൾ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയിൽ ആശുപത്രിയിൽ തുടരുന്നു,” അഭിഷേക് കുറിച്ചു.

ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തുടർന്ന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചൻ അടക്കമുള്ള ആളുകൾ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.

Read more: ‘ഇത് ശരിയല്ല,’ കോവിഡ് ചികിത്സയ്ക്കിടെ നെഗറ്റീവ് ഫലം ലഭിച്ചെന്ന വാർത്ത നിഷേധിച്ച് അമിതാഭ് ബച്ചൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook