ബോളിവുഡ് താരം ഐശ്വര്യറായിയെ ‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’ എന്നു വിശേഷിപ്പിച്ചത് ഏഴു വയസ്സുകാരി മകൾ ആരാധ്യ തന്നെയാണ്. ‘സൂപ്പർ മാം’ എന്ന ടാഗ് ലൈൻ ഏറ്റവും നന്നായി അണിയുന്ന ഐശ്വര്യറായിയെ വിശേഷിപ്പിച്ച അവതാരകന് ഏറെ ഹൃദയസ്പർശിയായൊരു മറുപടി നൽകി വാർത്തകളിൽ നിറയുകയാണ് ഐശ്വര്യ വീണ്ടും. നിങ്ങൾക്ക് എനിക്കു തരാൻ കഴിയുന്ന ഏറ്റവും മികച്ച അഭിനന്ദനമാണിതെന്ന് പറഞ്ഞ ഐശ്വര്യ മാതൃത്വത്തെ കുറിച്ച് വാചാലയായി.

“നിങ്ങൾക്ക് എനിക്കു തരാൻ കഴിയുന്ന ഏറ്റവും മികച്ച അഭിനന്ദനമാണിത്. ജീവിതത്തിലെ വളരെ സ്വാഭാവികവും ഉപാധികളില്ലാത്തതുമായൊരു അനുഭവമാണത്. സ്നേഹത്തിന്റെ യഥാർത്ഥ നിർവ്വചനം. അതെന്നെ കൂടുതൽ മികച്ച ഒരാളാക്കി മാറ്റുന്നു. എനിക്കത് ബ്രേക്ക് ചെയ്യാൻ വയ്യ. വിശദീകരിക്കാനോ ആ അനുഭവത്തെ വാക്കുകളിലേക്ക് ചുരുക്കാനോ ആവില്ല. എനിക്കതിന് കഴിയില്ല. നന്ദി മാത്രം,” ഐശ്വര്യ പറയുന്നു. ഫിലിംഫെയര്‍ അഭിമുഖത്തിനിടെയാണ് സൂപ്പർ മാം എന്ന് വിശേഷിപ്പിച്ച അവതാരകനോട് ഐശ്വര്യ നന്ദി പറഞ്ഞത്.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യാ റായുടെ ജീവിതം പൂര്‍ണ്ണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. നിരവധി പരിചാരകരും ആയമാരുമൊക്കെ ഉണ്ടായിട്ടും ആരാധ്യയുടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഐശ്വര്യ, പലപ്പോഴും ഭർത്താവ് അഭിഷേകിനെ പോലും അത്ഭുതപ്പെടുത്തുന്നു. ‘എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ’ എന്നാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിൽ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്.

Read more: നന്ദി ഐശ്വര്യാ, ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം നല്‍കിയതിന്: അഭിഷേക് ബച്ചന്റെ വികാരസാന്ദ്രമായ കുറിപ്പ്

തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ. ഐശ്വര്യ റായ് ഒരു ‘ഒബ്സസീവ് മദര്‍’ ആണെന്ന് മുൻപ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”, മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.

ലോകത്തെ ഏറ്റവും മികച്ച അമ്മ എന്നാണ് മകൾ ആരാധ്യയും ഐശ്വര്യയെ വിശേഷിപ്പിച്ചത്. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക്’ എന്ന് സ്വന്തം കയ്യക്ഷരത്തിലെഴുതി, മുത്തുകളും സ്വീകൻസും ഉപയോഗിച്ച് അലങ്കരിച്ച ഒരു പേപ്പർ ‘കിരീടം’ തനിക്കു ആരാധ്യ സമ്മാനിച്ച വിശേഷം ഐശ്വര്യ തന്നെ മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Read more: ലോകത്തെ ഏറ്റവും മികച്ച അമ്മയ്ക്ക്; ഐശ്വര്യയെ കിരീടമണിയിച്ച് ആരാധ്യ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ