ആരാധ്യ ബച്ചന്റെ പത്താം ജന്മദിനം ആഘോഷമാക്കി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മാലിദ്വീപിലെ അമില്ല ഫുഷി ദ്വീപിലാണ് ആരാധ്യയുടെ ജന്മദിനാഘോഷം. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ.
“എന്റെ മാലാഖയ്ക്ക് ഇന്ന് പത്താം പിറന്നാൾ. പ്രിയപ്പെട്ടവളെ നീയാണ് എന്റെ ശ്വാസത്തിന്റെ പിന്നിലെ കാരണം. നീയാണെന്റെ ജീവിതം, എന്റെ ആത്മാവ്. ഉപാധികളില്ലാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു,” ഐശ്വര്യ കുറിക്കുന്നു.
“ജന്മദിനാശംസകൾ രാജകുമാരി. നിന്റെ അമ്മ പറയുന്നതു പോലെ, നീ ഈ ലോകത്തെ ഒരു മികച്ചയിടമാക്കി മാറ്റുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,” എന്നാണ് അഭിഷേക് കുറിച്ചത്.
മകളുടെ പിറന്നാൾ ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് ഐശ്വര്യയും അഭിഷേകും മാലിദ്വീപിലെത്തിയത്.അമില്ല ഫുഷി ദ്വീപിലെ വില്ലയിൽ നിന്നുള്ള മനോഹരമായ കാഴ്ച ഇരുവരും കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു.
താരകുടുംബം താമസിക്കുന്ന മാലിയിലുള്ള ആഡംബര റിസോർട്ടായ അമില്ലയിലുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. റീഫ് വാട്ടര്‍ഫൂള്‍ വില്ല, സണ്‍സെറ്റ് വാട്ടര്‍ പൂള് വില്ല, മള്‍ട്ടി ബെഡ്റൂം റെസിഡന്‍സ് എന്നിങ്ങനെ പല ഓഫ്ഷനുകളിലുള്ള വില്ലകളിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാം. ഇവിടയുള്ള മിക്ക വില്ലകളിലും സ്വകാര്യ പൂളുകളുണ്ട്. രണ്ടുപേർക്കു മുതൽ 20 പേർക്ക് വരെ താമസിക്കാവുന്ന വില്ലകളുണ്ട്.
റിസോർട്ടിലെ വില്ലകളിൽ ഒരു ദിവസം രാത്രി താമസിക്കുന്നതിന് 76,000 മുതൽ 10 ലക്ഷം വരെയാണ് കൊടുക്കേണ്ടി വരിക. ഏറ്റവും ആഡംബരം നിറഞ്ഞ വില്ലയിലെ താമസത്തിന് പ്രതിദിനം 14 ലക്ഷം നൽകേണ്ടി വരും. ആറു ബെഡ്റൂമുകളുള്ള ഈ വില്ലയിലാണ് അഭിഷേകും കുടുംബവും താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011ൽ ആയിരുന്നു ആരാധ്യയുടെ ജനനം. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജോലിസംബന്ധമായും അല്ലാതെയുമുള്ള ഐശ്വര്യയുടെ വിദേശ യാത്രകളിലെല്ലാം മകൾ ആരാധ്യയും കൂടെയുണ്ടാവാറുണ്ട്.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ‘ദി ബിഗ് ബുൾ’ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. അഭിഷേകിന്റെ നിരവധി പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോബ് ബിശ്വാസ് എന്ന ചിത്രത്തിൽ ഇൻഷുറൻസ് ഏജന്റ്/കരാർ കൊലയാളി എന്നിങ്ങനെ ഡബിൾ റോളിലാണ് അഭിഷേക് എത്തുക. ഇതുകൂടാതെ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് എന്ന ആമസോൺ പ്രൈം സീരീസിന്റെ പുതിയ സീസണും എത്തും.
Read More: കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷചിത്രങ്ങളുമായി ഐശ്വര്യ