ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും അഭിനയരംഗത്തേക്ക് വന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. ഇവർ സെലിബ്രിറ്റികൾ ആയിരിക്കുമ്പോൾ തന്നെ ഇരുവരും വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ആരാധകർക്ക് വളരെ സന്തോഷം പകരുന്നതായിരുന്നു. 2007 ഏപ്രിൽ 20 ന് ആരാധകർ ആഗ്രഹിച്ചതുപോലെ ഇരുവരും വിവാഹിതരായി. ഇന്ന് ഇരുവരുടെയും 11-ാം വിവാഹവാർഷികമാണ്.

ഇരുവരും പ്രണയിക്കുന്നതിനു മുൻപ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തിറങ്ങിട്ടുണ്ട്. എന്നാൽ അവർ അഭിനയിച്ച സിനിമയെക്കാൾ ആരാധകർ കൂടുതൽ ഇഷ്ടപ്പെട്ടത് അവരുടെ ജോഡിപ്പൊരുത്തമാണ്. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അവരുടെ 11-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ അവരുടെ സിനിമാ ജീവിതത്തിലൂടെ ഒരു യാത്ര.

1. ധായ് അക്ഷർ പ്രേം കേ (2000)
അഭിഷേകും ഐശ്വര്യയും ആദ്യമായ് ഒന്നിച്ച ചിത്രമാണ് ധായ് അക്ഷർ പ്രേം കേ. രാജ് കൻവർ സംവിധാനം ചെയ്ത ഈ ചിത്രം പ്രണയത്തെ ആസ്പദമാക്കിയുളളതായിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അഭിഷേക് ബോളിവുഡിലേക്ക് എത്തിയിട്ട് അധിക സമയം ആയിട്ടില്ലായിരുന്നു. ധായ് അക്ഷർ പ്രേം കേ എന്ന ചിത്രത്തിൽ സൽമാൻ ഖാൻ ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

2.കുച്ച് നാ കഹോ (2003)

രോഹൻ സിപ്പി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഐശ്വര്യയുടേത് അമ്മ വേഷമായിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോകുന്നതും അതേ തുടർന്ന് നേരിടുന്ന പ്രശ്നങ്ങളുമായിരുന്നു ഇതിന്റെ പ്രേമേയം.

3. ധൂം 2 (2006)

ഹൃത്വിക് റോഷന്റെ നായികയായി ഐശ്വര്യയും അഭിഷേകിന്റെ നായികയായി റിമി സെന്നും അഭിനയിച്ച ഈ ചിത്രത്തിൽ അഭിഷേക് ഒരു പൊലീസുകാരനായിട്ടാണ് അഭിനയിച്ചത്.

4. ഉംറാവോ ജാൻ (2006)

ജെ.പി.ദത്തയുടെ ഈ സിനിമയിൽ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രം ഹിറ്റായില്ല എങ്കിലും ഇരുവരുടെയും അഭിനയം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി.

5. ഗുരു (2007)

ഈ ചിത്രത്തിൽ അഭിഷേക് ബച്ചൻ ദിരുഭായ് അംബാനിയുടെ ജീവിതം പ്രചോദിപ്പിക്കുന്ന ഗുരുകണ്ട് ദേശായി ആയിട്ടാണ് അഭിനയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ സുജാതയെന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയ വർഷം തന്നെയാണ് ഇരുവരും വിവാഹിതരായത്.

6. സർകാർ രാജ് (2008)

2005 ൽ പുറത്തിറങ്ങിയ സർക്കാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. സർക്കാറിന്റെ മകൻ ശങ്കർ ആയിട്ടാണ് അഭിഷേക് ഇതിൽ അഭിനയിച്ചത്. ഐശ്വര്യ റായ് അനിതയെന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. ചില കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ശങ്കറുമായി അനിത ഒന്നിക്കുന്നു. നാഗ്രേ കുടുംബത്തിന്റെ തലവനായി ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും എത്തിയിരുന്നു.

7. രാവണൻ (2010)

മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിഷേക് ബീരാ എന്ന കഥാപാത്രത്തെയും ഐശ്വര്യ രാഗിണി എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. രാമായണത്തിൽ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്ന കഥയാണ് ഈ ചിത്രത്തിലെ ഇതിവൃത്തം. അഭിനയ മികവുകൊണ്ടും സംഗീതം കൊണ്ടും ഈ ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook