ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ച് ജീവിതം ആരംഭിച്ചിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2007 ഏപ്രിൽ 20നായിരുന്നു ഈ താരവിവാഹം. അടുത്തിടെ ഐഐഎഫ്എ 2022ൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒന്നര പതിറ്റാണ്ടോളമായുള്ള സഹവർത്തിത്വത്തെ കുറിച്ച് ചോദിച്ച റിപ്പോർട്ടർക്ക് ഐശ്വര്യ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഐഐഎഫ്എ 2022ന്റെ ഗ്രീൻ കാർപെറ്റിൽ എത്തിയ അഭിഷേകിനോടും ഐശ്വര്യയോടും 15 വർഷത്തെ ദാമ്പത്യത്തെ കുറിച്ചായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. “അതെ. നന്ദി, എന്റെ ദൈവമേ,” എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അഭിഷേക് ഒരു പുഞ്ചിരിയിൽ ഒതുക്കി. ഐശ്വര്യയുടെ കൈപ്പിടിച്ച് അഭിഷേക് ഗ്രീൻ കാർപെറ്റിൽ നടന്നു.
താരനിബിഢമായിരുന്നു ഐഐഎഫ്എ 2022ന്റെ അവാർഡ് വേദി. മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ആരാധ്യയും അഭിഷേകുമെത്തിയത്. അഭിഷേക് വേദിയിൽ ഡാൻസ് ചെയ്യുമ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് പാട്ടിന് അനുസരിച്ച് താളം പിടിക്കാനും ഐശ്വര്യ മറന്നില്ല.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ബച്ചൻ അടുത്തതായി അഭിനയിക്കുന്നത്, ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക.