കഴിഞ്ഞ ശനിയാഴ്ച ഗോവയില്‍ വച്ചാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മുകേഷ് അംബാനി മോതിരം അണിയിച്ചത്. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.

മകന്റെ വിവാഹ നിശ്ചയം ആഘോഷിക്കാൻ അംബാനി ഗംഭീരമായൊരു വിരുന്ന് ഒരുക്കിയിരുന്നു. ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, കരൺ ജോഹർ, ഐശ്വര്യ റായ് ബച്ചൻ, കത്രീന കെയ്ഫ് തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം വിരുന്നിനെത്തി. ഐശ്വര്യ മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് എത്തിയത്. പിങ്ക് നിറത്തിലുളള ഫ്രോക്ക് ആയിരുന്നു ആരാധ്യ ധരിച്ചിരുന്നത്. അമ്മ ഐശ്വര്യ ബ്ലാങ്കിൽ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഗൗൺ ആയിരുന്നു പാർട്ടിക്ക് തിരഞ്ഞെടുത്തത്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഐശ്വര്യ 6 വയസുകാരി ആരാധ്യയെ പാർട്ടിക്ക് കൊണ്ടുവന്നതെന്നാണ് പിങ്ക്‌വില്ല വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ”പാർട്ടിയിൽ ചെറിയ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തം ഉണ്ടായിരുന്നു. ഈ നൃത്തം ആരാധ്യ കാണണമെന്നും അതവൾക്ക് സന്തോഷം നൽകുമെന്നും ഐശ്വര്യയെ പാർട്ടിക്ക് ക്ഷണിച്ചപ്പോൾ നിത അംബാനി പറഞ്ഞിരുന്നു. ആരാധ്യയെ ഒപ്പം കൊണ്ടുവരണമെന്നും നിത ആവശ്യപ്പെട്ടു”, പാർട്ടിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

നിത അംബാനിയുടെ ആവശ്യപ്രകാരമാണ് മകൾ ആരാധ്യയെയും കൂട്ടി ഐശ്വര്യ പാർട്ടിക്ക് എത്തിയത്. നൃത്തം ചെയ്യുന്ന കുട്ടികൾക്കൊപ്പം നിൽക്കുന്ന ആരാധ്യയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

മുംബൈയിലെ ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. സ്കൂളിന്റെ സ്ഥാപകയും ചെയർപേഴ്സണും നിത അംബാനിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook