മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി തന്റെ തമിഴ് സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്നു. വിശാലിനെ നായകനാക്കി സുന്ദര്‍.സി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ തമന്നയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ റോളായിരിക്കും തമന്നയ്ക്ക് ചിത്രത്തില്‍ എന്നാണ് അറിയുന്നത്.
‘തമിഴില്‍ നിന്നും ഒരുപാട് സ്‌ക്രിപ്റ്റുകള്‍ കേട്ടു. പക്ഷെ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഈ ചിത്രം എന്റെ ആഗ്രഹം പോലെ തന്നെ വന്നതാണ്. ഒരു പക്കാ സ്മാര്‍ട്ട് തമിഴ് പെണ്‍കുട്ടിയുടെ റോള്‍ ആണ്. സ്‌ക്രിപ്റ്റ് കേട്ടിട്ടു തന്നെ ഒരുപാട് ഇഷ്ടമായി. ജനുവരിയില്‍ ഷൂട്ട് തുടങ്ങും’ ഐശ്വര്യ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോടു പറഞ്ഞു.
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’, ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്നിവയാണ് ഇനി ഐശ്വര്യയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർകടവിൽ കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്.
“വിജയ് സൂപ്പറും പൗര്‍ണമിയും ഒരു ഫാമിലി മൂവി ആണ്. ഷൂട്ട് കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ഡബ്ബിങ് തുടങ്ങും. നവംബറിൽ ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നെ മിഥുൻ മാനുവൽ തോമസിന്റെ ചിത്രമാണ്. അതു കേൾക്കുമ്പോഴേ ആളുകൾക്കറിയാം ചിരിക്കാൻ ഒരുപാട് ഉണ്ടാകുമെന്ന്. സ്ക്രിപ്റ്റ് വായിച്ചു തന്നെ ഞാൻ ഒത്തിരി ചിരിച്ചു. കട്ട അർജന്റീന ഫാൻസിന്റെ കഥയാണ് ചിത്രം പറയുന്നത്,” ഐശ്വര്യ പറഞ്ഞു.
നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമാ രംഗത്തേക്കെത്തിയത്. പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ എന്ന ചിത്രത്തിലെ അപ്പു (അപര്‍ണ) എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് മലയാളി പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യതയും കൂടുതല്‍ ആരാധകരേയും നേടിക്കൊടുത്തു. ഈ ചിത്രത്തിലൂടെ ഐശ്വര്യ മലയാളികളുടെ പ്രിയപ്പെട്ട ഐശുവായി. ചിത്രത്തില്‍ ടൊവിനോ തോമസായിരുന്നു നായകന്‍.