മലയാളത്തിലെ യുവനടിമാർക്കിടയിൽ പ്രധാനിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ഐശ്വര്യ അടുത്തിടെ തമിഴിലും അരങ്ങേറി നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് ഐശ്വര്യ തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
സിനിമയുടെ തിരക്കുകൾക്കിടയിലും തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാൻ ഐശ്വര്യ സമയം കണ്ടെത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്നും ഒരു അവധിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് താരം. താൻ കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുക്കുന്നുവെന്നും ഉടൻ കാണാമെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ ആരാധകരെ അറിയിച്ചത്.
നിക്കി ബാനാസ് എന്ന എഴുത്തുകാരിയുടെ ‘പോസ്’ എന്ന പ്രസിദ്ധമായ വരികൾ പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യ അവധിയെടുക്കുന്ന കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനു കമന്റ് ചെയ്യുന്നത്. എന്തു പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇനി ആക്റ്റീവ് ആയിരിക്കില്ലേ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഐശ്വര്യയുടെ ഏഴോളം ചിത്രങ്ങളാണ് പുറത്തിറങ്ങാൻ ഇരിക്കുന്നത്. തമിഴിൽ വിക്രം നായകനാകുന്ന മണിരത്നം ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിക്കുന്നത്.
Also read: ട്രോളന്മാരെ ഇതിലെ ഇതിലെ..; നിങ്ങളുടെ സമയമായെന്ന് അഹാന