നാലുവർഷം മുൻപ് അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന് ഇപ്പോൾ തമിഴ് സിനിമയിലും ഗംഭീരമായ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനെ സംബന്ധിച്ച വിജയനായിക കൂടിയാണ് ഐശ്വര്യ ലക്ഷ്മി.
തന്റെ പ്രിയപ്പെട്ട ബാൽക്കണി ഗാർഡൻ പരിചയപ്പെടുത്തുകയാണ് ഐശ്വര്യ. “ഈ പച്ചപ്പിലേക്ക് ഉണരുന്നത് സന്തോഷമാണ്. എന്റെ പ്രഭാതങ്ങളെ മനോഹരമാക്കുന്നതിൽ വലിയ കാരണമായൊരിടം,” എന്നാണ് ഐശ്വര്യ തന്റെ ഗാർഡനെ വിശേഷിപ്പിക്കുന്നത്.
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്.
ധനുഷിനൊപ്പമുള്ള ആക്ഷന് ത്രില്ലർ ചിത്രം ‘ജഗമേ താണ്ഡവം’, ടൊവിനോയുടെ നായികയായി അഭിനയിച്ച ‘കാണെക്കാണെ’ എന്നിവയാണ് അടുത്തിടെ റിലീസിനെത്തിയ ഐശ്വര്യ ചിത്രങ്ങൾ. ഓടിടി പ്ലാറ്റ്ഫോമിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്.
മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കുമാരി എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ ചിത്രങ്ങൾ.