അഭിനയരംഗത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന് ഇപ്പോൾ മറ്റ് ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് സുപരിചിതയായി മാറി താരം. ഇതുവരെയും ഗോസിപ്പുകളിലൊന്നും പിടികൊടുക്കാതെ നടന്ന ഐശ്വര്യ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ ചർച്ചാവിഷയമാവുകയായിരുന്നു.
നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ഒരു ചുവന്ന ഹൃദയത്തിന്റെ ഇമോജിയോടൊപ്പം ഷെയർ ചെയ്ത ചിത്രം ആരാധകരിൽ സംശയം ഉണ്ടാക്കുകയായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
സംശയത്തിനു ആക്കം കൂട്ടുന്ന രീതിയിൽ ചില താരങ്ങളുടെ പ്രൊഫൈലുകളിൽ നിന്നു കമന്റും എത്തി. ‘സോ ഹാപ്പി ഫോർ യൂ ഐശ്വര്യ’ എന്നാണ് നടി പ്രിയങ്ക ജവാൽക്കർ കുറിച്ചത്. സിനിമയുടെ ഭാഗമായുള്ള പ്രെമോഷനാണെന്നും ആരാധകർ പറഞ്ഞു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.

“ഞാൻ അവസാനമായി പങ്കുവച്ച ചിത്രത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.ഇത് ഇത്രയും വലിയ ചർച്ചയാകുമെന്ന് വിചാരിച്ചില്ല. ഞങ്ങൾ കണ്ടു, ഒരു ചിത്രമെടുത്തു, അത് പോസ്റ്റ് ചെയ്തു അത്രമാത്രം.ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്.ഇന്നലെ മുതൽ എനിക്ക് മെസേജ് അയക്കുന്ന അർജുൻ ദാസ് ആരാധകരോട് പറയാനുള്ളത് അവൻ നിങ്ങളുടേത് മാത്രമാണ്” ഐശ്വര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘കൈതി’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ ദാസ് സുപരിചിതനാകുന്നത്. ‘പുത്തൻ പുതു കാലയ് വിധിയാത’ എന്ന ആൻതോളജി ചിത്രത്തിൽ ഐശ്വര്യയും അർജുനും അഭിനയിച്ചിരുന്നു. ദുൽഖർ സൽമാനൊപ്പമുള്ള ‘കിങ്ങ് ഓഫ് കൊത്ത’യാണ് ഐശ്വര്യയുടെ പുതിയ ചിത്രം.