/indian-express-malayalam/media/media_files/uploads/2021/05/aishwarya-lakshmi.jpg)
മലയാളം താണ്ടി തമിഴിലെത്തി, വലിയ രണ്ടു സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി ഐശ്വര്യ ലക്ഷ്മി. ധനുഷ് - കാർത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോർക്കുന്ന 'ജഗമേ തന്തിരം' എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ മറച്ചു വയ്ക്കുന്നില്ല.
"വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. 'ജഗമേ തന്തിര'ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു."
ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. "ഒരു സീൻ ഒരുപാട് തവണ ആവർത്തിച്ച് ചെയ്യേണ്ടി വരുമ്പോൾ ഞാൻ റോബോർട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച് മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയിൽ എന്നെ കൊണ്ട് അഭിനയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. "
"കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല," ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.
Read more: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; ‘പൊന്നിയിൻ സെൽവനെ’ക്കുറിച്ച് ഐശ്വര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us