Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

സിനിമയിലെത്തിയത് ലോട്ടറിയടിച്ച പോലെയാണ്: ഐശ്വര്യ ലക്ഷ്മി

ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വയം ഒരുപാട് മെച്ചപ്പെടുത്തണമെന്നും രാകി മിനുക്കണമെന്നും തോന്നിച്ച ഒരു ചിത്രമാണ് ‘വരത്തന്‍’

fahad faasil aishwarya lekhsmi varathan
fahad faasil aishwarya lekhsmi varathan

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ഒരു ചിത്രത്തിന്റെ റീലിസിന് തലേ ദിവസം അതിലെ നായിക ഒരു ടെന്‍ഷനുമില്ലാതെ വളരെ കൂളായി നെറ്റ്ഫ്ളിക്സില്‍ സിനിമയൊക്കെ കണ്ടിരിക്കുകയാണ് . പറഞ്ഞു വരുന്നത് ‘വരത്തന്‍’ എന്ന ചിത്രത്തെക്കുറിച്ചും അതിലെ ‘സൂപ്പര്‍ കൂള്‍ നായിക’ ഐശ്വര്യ ലക്ഷ്മിയെക്കുറിച്ചുമാണ്.

‘ഐഷു’ എന്ന് വിളിപ്പേരുള്ള ഐശ്വര്യ ലക്ഷ്മി ഇത് വരെ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. മൂന്നും മൂന്നു തരം കഥാപാത്രങ്ങള്‍. ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ തന്നെത്തന്നെ പുതുക്കിപ്പണിയാനാണ് ഐശ്വര്യ ശ്രമിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ‘വരത്തനെ’ക്കുറിച്ചും ഇനിയങ്ങോട്ടുള്ള സിനിമാ ജീവിത്തെക്കുറിച്ചും ഐശ്വര്യ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നു.

നാലു വര്‍ഷത്തിനു ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളവും. എന്നിട്ടും ഒരു ടെന്‍ഷനുമില്ലെന്നോ?

എനിക്കറിഞ്ഞൂടാ, എല്ലാവരും അഭിമുഖങ്ങളില്‍ പറയുന്നത് കേള്‍ക്കാം സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് വലിയ ടെന്‍ഷനായിരുന്നു, ഉറങ്ങാന്‍ പോലും സാധിക്കാറില്ലെന്നൊക്കെ. എനിക്കാണേല്‍ ഒരു ടെന്‍ഷനും തോന്നിയില്ല. ഞാന്‍ വളരെ കൂളായിരുന്നു. പാട്ടൊക്കെ കേട്ട് നെറ്റ്ഫ്ളിക്സില്‍ കയറി സിനിമയൊക്കെ കണ്ട് എന്‍ജോയ് ചെയ്യുകയായിരുന്നു ഞാന്‍ ‘വരത്തന്‍’ റിലീസിന്റെ തലേ ദിവസം. എന്തിനാ ടെന്‍ഷനാകുന്നത്? സത്യമായിട്ടും എനിക്കറിഞ്ഞൂടാ. അങ്ങനെയൊന്നും തോന്നിയില്ല. അത്ര തന്നെ.

എന്തായിരുന്നു ‘വരത്തന്‍’ എന്ന ചിത്രം നല്‍കിയ അനുഭവം?

70 ദിവസത്തെ ഷൂട്ടായിരുന്നു ‘വരത്തന്’. 30 ദിവസം എന്നായിരുന്നു ആദ്യത്തെ പ്ലാന്‍, പക്ഷേ അത് 70 ദിവസം നീണ്ടു. അവസാനത്തെ ഫൈറ്റ് സീക്വെന്‍സൊക്കെ ആറു ദിവസം സമയമെടുത്താണ് ചെയ്തത്. തണുപ്പ് കാരണം ഞങ്ങളൊക്കെ നിന്ന് വിറയ്ക്കുകയായിരുന്നു. ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോളേ എനിക്ക് വയ്യാതായി.

സത്യത്തില്‍ സെറ്റിലേക്ക് പോകുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. സംവിധാനം അമല്‍ നീരദ് സാറാണ്. പിന്നെ ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്ന നടന്‍ ഫഹദ് ഫാസിലാണ് നായകന്‍. നല്ല ടെന്‍ഷനുണ്ടായിരുന്നു ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നതോര്‍ക്കുമ്പോള്‍. ഞാനെന്തെങ്കിലും തെറ്റു വരുത്തുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു. പക്ഷെ സെറ്റിലെത്തിയപ്പോള്‍ അവിടെ നസ്രിയ ഉണ്ടായിരുന്നു, ജ്യോതിര്‍മയി മാം ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു പേരും പെട്ടെന്ന് കൂട്ടായി. നസ്രിയ കുറേ തമാശകളൊക്കെ പറഞ്ഞ്… അങ്ങനെ എന്റെ ടെന്‍ഷന്‍ പോയത് ഞാന്‍ തന്നെ അറിഞ്ഞില്ല.

‘മായാനദി’യിലെ അപര്‍ണ, ‘വരത്ത’നിലെ പ്രിയ – രണ്ടു കഥാപാത്രങ്ങളു ആഴമേറിയവയാണെങ്കിലും ‘വരത്ത’നിലെ കഥാപാത്രത്തിന് അഭിനയ സാധ്യത കൂടുതലല്ലേ?

തീര്‍ച്ചയായും. അപ്പുവാണെങ്കിലും പ്രിയയാണെങ്കിലും വളരെ ഡെപ്തുള്ള കഥാപാത്രങ്ങളാണ്. പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാന്‍ കൂടുതല്‍ പ്രയാസം ‘വരത്തനി’ലേതു തന്നെയാണ്. കാരണം വലിയൊരു കോണ്‍ഫ്ളിക്ടിലൂടെ കടന്നു പോകുന്ന കഥാപാത്രമാണ് പ്രിയ. ആ ഭാഗങ്ങളൊക്കെ ചെയ്യാന്‍ കുറച്ചു പ്രയാസപ്പെട്ടു. എത്ര ടേക്കെടുത്താലും കുഴപ്പമില്ല പെര്‍ഫെക്ഷന്‍ വേണം എന്ന് നിര്‍ബന്ധമുള്ള ആളാണ് സംവിധായകന്‍ അമല്‍ നീരദ്. പുള്ളി ഉദ്ദേശിച്ചത് കിട്ടുന്നതു വരെയും ഞങ്ങളത് ചെയ്തു.

കഥാപാത്രമാകാന്‍ ഏതെങ്കിലും തരത്തിലുള്ള തയ്യാറെടുപ്പുകള്‍?

ഒരു തയ്യാറെടുപ്പുമില്ലാതെയാണ് ഞാന്‍ അഭിനയിക്കാന്‍ പോയത്. കാരണം, എനിക്കു തോന്നുന്നു, ഇത്തരത്തിലുള്ള കഥാപാത്രത്തിനു വേണ്ടി ഏതെങ്കിലും തരത്തിലുള്ള പ്രിപ്പറേഷന്‍ നടത്തുമ്പോള്‍ അഭിനയത്തില്‍ വല്ലാത്ത കൃത്രിമത്വം അനുഭവപ്പെടും. പരമാവധി സ്വാഭാവികമായി ചെയ്യാനാണ് ശ്രമിച്ചത്. സംവിധായകന്‍ പറഞ്ഞു തന്നത് അതു പോലെ ചെയ്തിട്ടേയുള്ളൂ. സംഭാഷണങ്ങള്‍ പോലും സ്‌ക്രിപ്റ്റില്‍ എഴുതിയത് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

Aishwarya Lekshmi on Amal Neerad Fahad Faasi Varathan 1

ഏറ്റവും ഇഷ്ടപ്പെട്ട നടന്‍, ഫഹദ് ഫാസിലിനോടൊപ്പം അഭിനയിച്ചപ്പോള്‍?

അയ്യോ പുള്ളിയൊരു അത്ഭുതം തന്നെയാണ്. തുടക്കത്തില്‍ കാണുന്ന എബിനെയല്ല (വരത്ത’നില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രം) സിനിമയുടെ അവസാനം കാണുന്നത്. ഇത് രണ്ടും ഒരാള്‍ തന്നെയാണ് ചെയ്തത്; എങ്ങനെ സാധിക്കുന്നു ഇങ്ങനെ അഭിനയിക്കാന്‍ എന്ന് ഞാന്‍ ചോദിച്ചു. ഫൈറ്റ് സീന്‍സിലൊക്കെ അഭിനേതാക്കള്‍ സാധാരണ എക്സ്പ്രഷനൊക്കെ കൊടുത്തല്ലേ ചെയ്യാറ്. ഇത് ഒരു എക്സ്പ്രഷനുമില്ലാതെയൊക്കെ അത്രേം സ്‌റ്റൈലിഷായി പുള്ളി ചെയ്തു. ഒരു രക്ഷേമില്ല.

Read More: ഫഹദ് ഓകെയെങ്കില്‍ ഞാനും ഓകെ: ഐശ്വര്യ ലക്ഷ്‌മി

‘വരത്തനെ’ കുറിച്ച് കേട്ട ഒരു വിമര്‍ശനം അത് മാസ്‌കുലിനിറ്റിയെ ആഘോഷിക്കുന്നു എന്നതായിരുന്നു.

അങ്ങനെ അതിനെ കാണേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. എബിന്‍ എന്ന കഥാപാത്രത്തിന്റെ പരിണാമമാണ് ആ ചിത്രം പറയുന്നത്. ഒരു പാറ്റയെ പോലും ഉപദ്രവിക്കാത്ത മനുഷ്യനായിരുന്നു എബിന്‍. വീട്ടിലെ ജോലികള്‍ ചെയ്യുന്നതൊക്കെ വളരെ നോര്‍മലായി കാണുന്ന, ഒരു പ്രശ്നങ്ങള്‍ക്കും പോകാന്‍ താത്പര്യമില്ലാത്ത മനുഷ്യന്‍. സാഹചര്യങ്ങളാണ് അയാളെ മാറ്റുന്നത്. അപ്പോളും അയാളൊറ്റയ്ക്കല്ല, പ്രിയയും കൂടി ചേര്‍ന്നാണ് നേരിടുന്നത്. പ്രിയ എബിനെ പോലെയല്ല, നേരത്തേ മുതലേ വളരെ ബോള്‍ഡാണ്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതു കൊണ്ട് വളര്‍ന്ന സാഹചര്യം അവളെ അങ്ങനെയാക്കി. പക്ഷെ ഒരു ഘട്ടത്തില്‍ അവള്‍ തളര്‍ന്നു പോകുമ്പോളാണ് എബിന് സ്ട്രോങാകേണ്ടി വരുന്നത്. അത് മാസ്‌കുലിനിറ്റിയുടെ ആഘോഷമല്ല.

Aishwarya Lekshmi on Amal Neerad Fahad Faasi Varathan 2
ഐശ്വര്യ ലക്ഷ്മി, ചിത്രം. അഖില്‍ ശരീഫ്

എങ്ങനെയാണ് ഐശ്വര്യ ഒരു ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്നത്?

സ്‌ക്രിപ്റ്റ് നോക്കി തന്നെയാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ചിലപ്പോള്‍ ഐശ്വര്യ എന്ന വ്യക്തിയുമായി സാദൃശ്യങ്ങള്‍ കാണില്ല. അപര്‍ണയ്ക്കും പ്രിയയ്ക്കും കുറേയൊക്കെ സാമ്യതകള്‍ ഉണ്ടായിരുന്നു. നേരത്തേ പറഞ്ഞതു പോലെ പ്രിയ എന്ന ക്യാരക്ടര്‍ വലിയൊരു കോണ്‍ഫ്ളിക്ടിലൂടെ കടന്നു പോകുന്നുണ്ട്. അതിന്റെ ചെറിയ രീതിയിലുള്ള അനുഭവം ജീവിതത്തില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടായിട്ടുണ്ടാകും. പുറത്തിറങ്ങുമ്പോളുള്ള നോട്ടങ്ങളും, തോണ്ടലുകളും, കമന്റുകളുമൊക്കെയായി. കുട്ടിക്കാലത്ത് എനിക്കും ഉണ്ടായിട്ടുണ്ട്. ആ പ്രായത്തില്‍ എന്നെയത് വല്ലാതെ ഇന്‍സെക്യൂര്‍ ആക്കി. അതിന്റെ ഒരു വലിയ രൂപത്തിലാണ് പ്രിയയെ അത് ബാധിച്ചത്. അതു കൊണ്ട് പ്രിയ കടന്നു പോയ മാനസികാവസ്ഥ ഏതു പെണ്‍കുട്ടിക്കും എന്ന പോലെ എനിക്കും മനസിലാക്കാന്‍ കഴിയും. പക്ഷെ അടുത്തതായി ഞാന്‍ ചെയ്യുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിലേക്കെത്തുമ്പോള്‍ അതിലെ പൗര്‍ണമിക്ക് ഞാനുമായി ഒരു സാദൃശ്യവുമില്ല. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ ഓക്കെ പറയും.

Read More: മലയാളികളുടെ ‘ഐശു’ തമിഴിലേക്ക്; അരങ്ങേറ്റം വിശാലിനും തമന്നയ്ക്കുമൊപ്പം

തിയേറ്ററില്‍ ‘വരത്തന്‍’ കണ്ടു കഴിഞ്ഞപ്പോള്‍?

ഞങ്ങളുടെ കഷ്ടപ്പാടിന് ഫലം കണ്ടു എന്നു തന്നെ വേണം പറയാന്‍. ഇത്രേം വലിയ റെസ്പോണ്‍സൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവസാനമൊക്കെ ആളുകള്‍ എണീറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. രോമാഞ്ചം തോന്നി എന്നൊക്കെയാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ഒക്കെ പറയുന്നത്. ഇത്രയും നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ശരിക്കും ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വയം ഒരുപാട് മെച്ചപ്പെടുത്തണമെന്നും രാകി മിനുക്കണമെന്നും തോന്നിച്ച ഒരു ചിത്രമാണ് ‘വരത്തന്‍’.

സിനിമ സ്വപ്‌നം കണ്ടു നടന്ന ആളല്ല ഞാന്‍. പഠനത്തോടൊപ്പം മോഡലിങൊക്കെ ചെയ്യാറുണ്ടായിരുന്നു. പക്ഷെ സിനിമയിലെത്തിയത് എനിക്കൊരു ലോട്ടറിയടിച്ച പോലെയാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യാറുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. സത്യത്തില്‍ ഞാനിപ്പോള്‍ ഏറ്റവും സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ് അഭിനയം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aishwarya lekshmi on amal neerad fahad faasil varathan

Next Story
പുലിവാലു പിടിച്ച ഒരു മാംഗല്യത്തിന്റെ കഥയുമായി സൗമ്യ സദാനന്ദൻkunchacko koban nimisha sajayan starrer comedy movie mangalyam thanthunanena director interview
The moderation of comments is automated and not cleared manually by malayalam.indianexpress.com