‘സിനിമയിലുടനീളം മുടി പറപ്പിച്ച് നടക്കുന്ന നായികയല്ല കേട്ടോ ഐശ്വര്യ. അങ്ങനെ പ്രതീക്ഷിക്കരുത്.’ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണം വരുമ്പോള്‍ സംവിധായകന്‍ അൽത്താഫ് സലിം ഇത്രമാത്രമാണ് ഐശ്വര്യയോട് പറഞ്ഞത്. ‘അങ്ങനെ വെറുതേ മുടി പറപ്പിച്ചു നടക്കുന്ന ഒരു നായികയാകാന്‍ എനിക്കും താത്പര്യമുണ്ടായിരുന്നില്ല.’ നല്ലൊരു സിനിമയുടെ ഭാഗമാകുക എന്ന ആഗ്രഹത്തോടെയാണ് ഐശ്വര്യ ലക്ഷ്മി അൽത്താഫിനോട് ‘യെസ്’ പറഞ്ഞത്.

‘സിനിമയിലെ നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും ഇതിലെ കേന്ദ്ര കഥാപാത്രം ശാന്തി കൃഷ്ണയാണ്. അൽത്താഫ് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ തന്നെ വല്ലാതെ ഇഷ്ടമായി. നല്ല പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നതെന്ന് അറിയുമ്പോള്‍ സന്തോഷമുണ്ട്.’

Aishwarya Laksmi, Njandukalude Nattil Oridavela

ക്യാമറ ഐശ്വര്യയ്ക്ക് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എംബിബിഎസ് ബിരുദധാരിയായ ഐശ്വര്യ രണ്ടാം വര്‍ഷം മുതലേ മോഡലിങ് രംഗത്ത് സജീവമായിരുന്നു. സിനിമ ലക്ഷ്യം വച്ചൊന്നുമല്ല മോഡലിങ് രംഗത്തേക്കു വന്നതെങ്കിലും ഇഷ്ടമായിരുന്നു അഭിനയിക്കാന്‍.

സിനിമയിലേക്ക്
‘ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സെസില്‍ എംബിബിഎസ് ചെയ്തിരുന്ന സമയം മുതലേ ഞാന്‍ മോഡലിങ് ചെയ്യുന്നുണ്ട്. അന്നൊക്കെ സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നെങ്കിലും പഠനം കഴിഞ്ഞിട്ടു മതി എന്നായിരുന്നു തീരുമാനം. പരീക്ഷ കഴിഞ്ഞൊരു ദിവസം കലൂരിലെ കഫെ 17ല്‍ വച്ചാണ് അൽത്താഫിന്റെ സിനിമയിലേക്കുള്ള കാസ്റ്റിങ് കോളിനെ കുറിച്ച് അറിയുന്നത്.’

Aishwarya Lekshmi, Nivin Pauly

‘എന്റെ സുഹൃത്തിന്റെ സുഹൃത്താണ് അല്‍ത്താഫ്. അവര്‍ക്കൊക്കെ ഭയങ്കര അഭിപ്രായമായിരുന്നു പുള്ളിയെക്കുറിച്ച്. പ്രേമത്തില്‍ അല്‍ത്താഫ് അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം നല്ല കഴിവുള്ള ആളാണെന്നുമൊക്കെ അവള്‍ എന്നോടു പറഞ്ഞിരുന്നു. കാസ്റ്റിങ് കോളിന്റെ കാര്യം പറഞ്ഞ് അവളെ വിളിച്ച് നമ്പര്‍ വാങ്ങി ഞാന്‍ അല്‍ത്താഫിനെ വിളിച്ചു. അല്‍ത്താഫിന് എന്നെ അറിയാമായിരുന്നു. പിന്നീട് നേരിട്ടു കാണുകയും അല്‍ത്താഫ് എന്നോട് കഥ പറയുകയും ചെയ്തു. രണ്ട് ഘട്ടങ്ങളായി ഓഡീഷന്‍ ഉണ്ടായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ സെലക്ഷന്‍ കിട്ടി.’

സീനിയര്‍ താരങ്ങള്‍ക്കൊപ്പം
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയുടെ ലൊക്കേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ പഠന കളരിയായിരുന്നു. ശാന്തി കൃഷ്ണ, ലാല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശാന്തി മാഡം അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. എത്ര അനായാസമായാണെന്നോ ഓരോ സീനും അഭിനയിക്കുന്നത്.’

Aishwarya Leksmi, Njandukalude nattil oridavela

‘പിന്നെ ആദ്യ സിനിമ നിവിന്‍ പോളിക്കൊപ്പം എന്നതും സ്വപ്‌ന തുല്യമാണ്. നിവിന്റെ നായികമാരെ പൊതുവെ ഭാഗ്യ നായികമാര്‍ എന്നാണല്ലോ പറയാറ്. പുള്ളി കൂടെയുള്ളവരെ നന്നായി സഹായിക്കുന്ന ഒരാളാണ്. അഭിനയത്തിന്റെ കാര്യത്തിലായാലും നമ്മുടെ പേഴ്‌സണല്‍ ഗ്രോത്തിന്റെ കാര്യത്തിലായാലും ആകുന്ന സഹായം ചെയ്തു തരും.’

ആഷിക് അബുവിന്റെ നായിക…
‘ഞാന്‍ ശരിക്കും ഭാഗ്യമുള്ള ഒരു നടിയാണ്. ആദ്യ ചിത്രം അത്രയും വലിയൊരു ടീമിനൊപ്പം. രണ്ടാമത്തെ ചിത്രം ആഷിക് അബുവിന്റെ സംവിധാനത്തില്‍. ഏതൊരാളെ സംബന്ധിച്ചും ഒരു വലിയ അവസരമായിരിക്കും ആഷിക് അബു എന്ന സംവിധായകന്റെ സിനിമയില്‍ ഒരു വേഷം. മായാനദിയിലും നായികാ വേഷം തന്നെയാണ്. ടൊവിനോ തോമസാണ് നായകന്‍. ഒരു റൊമാന്റിക് സിനിമയാണ് മായാനദി. ചിത്രീകരണം പുരോഗമിക്കുകയാണ്.’

‘കാസ്റ്റിങ് കോളിലൂടെയാണ് ഞാന്‍ മായാനദിയുടേയും ഭാഗമാകുന്നത്. 26 വയസു പ്രായം തോന്നിക്കുന്ന ഒരു നായികയെ അന്വേഷിക്കുന്നു എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. പുതുമുഖമാണോ എന്നൊന്നും പറഞ്ഞിരുന്നില്ല. ‘ഞണ്ടുകളില്‍” അഭിനയിച്ചതുകൊണ്ട് ഇനി എന്നെ പരിഗണിക്കാതിരിക്കുമോ എന്നൊരു സംശയത്തോടെയാണ് അയച്ചത്. പക്ഷെ ഓഡീഷന്‍ കഴിഞ്ഞപ്പോള്‍ സെലക്ഷന്‍ കിട്ടി.’

സിനിമ, മോഡലിങ്, മെഡിസിന്‍..
എംബിബിഎസ് കഴിഞ്ഞ് ഞാനിപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഉഴപ്പാന്‍ പറ്റില്ല. കുറച്ച് സ്ട്രിക്ട് ആണ് ഡോക്ടേഴ്‌സ് ഒക്കെ. ഇതു കഴിഞ്ഞ് ഉന്നത പഠനത്തിന് പോകണം. എന്റെ ജോലി എനിക്ക് പ്രധാനമാണ്. പിന്നെ മോഡലിങ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മേഖലയാണ്. ഞാന്‍ പൊതുവെ വളരെ ഹാപ്പി ആയിരിക്കുന്ന ഒരാളാണ്. എല്ലാവരും ചോദിക്കാറുമുണ്ട് എങ്ങനെയാ ഇത്രയും ഹാപ്പി ആയിരിക്കാന്‍ പറ്റുന്നത് എപ്പോഴും എന്ന്. സന്തോഷിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തില്ല. പിന്നെ ഹൈപ്പര്‍ ആക്ടീവ് ആണ് ചെറുപ്പം മുതലേ. മോഡലിങ് എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയൊരു ഫീല്‍ഡ് ആണ്. നല്ല അവസരങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യും.

Aiswarya Laksmi, Njandukalude nattil oridavela

സിനിമയെ തീര്‍ച്ചയായും ഇപ്പോള്‍ ഗൗരവത്തോടെ സമീപിച്ചു തുടങ്ങി. നല്ല സിനിമകളുടെ ഭാഗമാകണം. അതിപ്പോള്‍ നായികാ കഥാപാത്രം തന്നെ വേണം എന്നില്ല. എന്റെ കഥാപാത്രം ആ സിനിമയുടെ അനിവാര്യ ഘടകം ആണ് എന്നു തോന്നിയാല്‍ ചെയ്യും. പിന്നെ മലയാളം സിനിമയുടെ ഭാഗമാകാന്‍ തന്നെയാണ് താത്പര്യം. മറ്റു ഭാഷകള്‍ ചെയ്യില്ലെന്നല്ല. ഇടയ്ക്ക് തെലുങ്കില്‍ നിന്ന് ഒരു അവസരം വന്നിരുന്നു. പക്ഷെ മായാനദിയുടെ ഡേറ്റുമായി ക്ലാഷ് വന്നപ്പോള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. നല്ല സിനിമകള്‍ ചെയ്യണം. ഒരു നടി എന്ന രീതിയില്‍ മായാനദി കുറച്ചുകൂടി ആത്മവിശ്വാസം തന്നെന്നു പറയാം. അഭിനയം പഠിക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ ഒരുമാസത്തെ ഒരു കോഴ്‌സിനു ചേര്‍ന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ