മലയാള സിനിമയിൽ പോപ്പുലറായൊരു പ്രചരണതന്ത്രമായി മാറി കഴിഞ്ഞു, ചിത്രത്തിലെ ഗാനത്തിനൊപ്പമുളള സിഗ്നേച്ചർ സ്റ്റെപ്പുകൾ. ഈയടുത്തിറങ്ങിയ ചിത്രങ്ങളിലൊക്കെയും ഇത്തരത്തിലുളള ഗാനങ്ങളും അതിനൊത്ത സ്റ്റെപ്പുകളുമുണ്ട്. താരങ്ങൾ പ്രമോഷനായി പോകുമ്പോൾ ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോകളും മറ്റും വൈറലാകാറുണ്ട്. ആ ഡാൻസ് സ്റ്റെപ്പുകൾ കണ്ടാൽ ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും സിനിമ മനസ്സിലാകുന്ന അവസ്ഥയാണ്. കാരണം അത്ര ജനകീയമാണ് ഇത്തരത്തിലുള്ള ചുവടുകൾ.
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ കുമാരിയിലെ ‘മന്ദാര പൂവേ’ എന്ന ഗാനത്തിലും അത്തരമൊരു സിഗ്നേച്ചർ സ്റ്റെപ്പുണ്ട്. പ്രമോഷൻെറ ഭാഗമായി ഐശ്വര്യയും കുമാരി താരങ്ങളും വേദികളിൽ ഈ ഗാനത്തിനൊത്ത് ചുവടു വയ്ക്കുന്ന വീഡിയോകൾ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സിനൊപ്പം ഐശ്വര്യ ചുവടുവയ്ക്കുന്ന വീഡിയോകളും റീലുകളിൽ വൈറലായിരുന്നു.
എന്തായാലും ട്രോളന്മാരും ഈയൊരു ട്രെൻഡ് ഏറ്റെടുത്തിരിക്കുകയാണ്. കണ്ടൻറ് ക്രിയേറ്ററായ വൈശാഖിയുടെ വീഡിയോ ആണ് ഐശ്വര്യ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. വീട്ടിലെ പണികൾക്കിടയിലും നൃത്തം വയ്ക്കുന്ന ഐശ്വര്യ എന്ന രീതിയിലാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ‘വൈശാഖി നിങ്ങൾക്ക് എന്നെ മനസ്സിലാകും,’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ വീഡിയോ പങ്കുവച്ചത്.
ഭീഷ്മപർവ്വം, മൈക്ക്, തല്ലുമാല, ആയിഷ, വിചിത്രം തുടങ്ങിയ ചിത്രങ്ങളിലെ ഡാൻസ് നമ്പറുകളിലും സിഗ്നേച്ചർ സ്റ്റെപ്പുകളുണ്ട്. പറുദീസയും രതിപുഷ്പ്പവും ആദരാഞ്ജലികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതിൽ സിഗ്നേച്ചർ സ്റ്റെപ്പുകൾക്കും വലിയ പങ്കുണ്ട്. പാട്ടുകൾക്കൊപ്പം നൃത്തവും മലയാള സിനിമയുടെ സിഗ്നേച്ചർ ആയി മാറുകയാണ്. ഇനിയും മലയാളിയ്ക്ക് ആഘോഷിക്കാൻ ഇത്തരം ഡാൻസ് നമ്പറുകളും സിഗ്നേച്ചർ സ്റ്റെപ്പുകളും മലയാള സിനിമ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.