യുവതാരങ്ങളിൽ ശ്രദ്ധേയയായ ഐശ്വര്യാ ലക്ഷ്മിയും ധനുഷും ഒന്നിക്കുന്നു. കാർത്തിക് സുബരാജിന്റെ അടുത്ത തമിഴ് ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം അധോലോക സംഘത്തെ കുറിച്ചുള്ളതാണ്. പൂർണമായും ലണ്ടനിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും.

വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസ് പ്രൊഡക്ഷൻ ഹൗസിന്റെ 18-ാമത് ചിത്രമാണ് ഇത്.
ഈ ചിത്രം തനിക്കും ആവേശം സമ്മാനിക്കുന്ന ഒന്നാണെന്ന് നടൻ ധനുഷും ട്വീറ്റ് ചെയ്തു. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ഐശ്വര്യാ ലക്ഷ്മി, ആഷിഖ് അബു ചിത്രം ‘മായാനദി’യിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദിനൊപ്പം ‘വരത്തൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ആയിരുന്നു. വിശാലിനെ നായകനാക്കി സുന്ദർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ തിരക്കുകളിലാണ് ഐശ്വര്യയിപ്പോൾ.

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രമാണ് ഇനി മലയാളത്തിൽ റിലീസ് ചെയ്യാനുള്ള ഐശ്വര്യയുടെ ചിത്രങ്ങളിൽ ഒന്ന്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ ഐശ്വര്യയെ കൂടാതെ പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് നടൻ പ്രസന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.

‘ബ്രദേഴ്സ് ഡേ’യില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും കലാഭവൻ ഷാജോൺ പറയുന്നു. ഓണം റിലീസ് ആയാകും ബ്രദേഴ്‌സ് ഡേ തിയേറ്ററുകളില്‍ എത്തുക.

Read more: കാറ്ററിങ് തൊഴിലാളിയായി പൃഥ്വിരാജ്; കൂടെ പ്രസന്നയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook