2012ലാണ് സംഭവം. അന്ന് ഐശ്വര്യ ലക്ഷ്മി എന്ന പെണ്‍കുട്ടി സിനിമയില്‍ വന്നിട്ടില്ല. കൂട്ടുകാരികളുമായി ഫെയ്സ്ബുക്കില്‍ ‘ഫാനിസം’ കാണിച്ചു നടക്കുന്ന സമയം. ‘ഔറംഗസേബ്’ എന്ന ഹിന്ദി ചിത്രം റിലീസ് ആയ സമയം. അതിലെ നായകന്മാരായ അർജുന് കപൂര്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചു നില്ക്കുന്ന ചിത്രത്തിന് കീഴില്‍ അന്നത്തെ ഐശ്വര്യ ഇട്ട ഒരു കമന്റ് ആണ് ഇന്നത്തെ മാപ്പ് പറച്ചിലിന് പിന്നില്‍.
“ഇഷക്സാദെ നായകന് (അര്ജ്ജുന് കപൂര്‍) ഉമ്മ” എന്നാണ് ഐശ്വര്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതിനു താഴെ കൂട്ടുകാരികളുമായി നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെയും കൂടി പറഞ്ഞു.
“ഇടി കൊണ്ട് ‘ഡാമേജ്’ ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് എപ്പോഴും”. ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാനിസം തലയ്ക്കു പിടിച്ച സമയത്ത് ഇട്ട ഒരു കമന്റ് ആണ് എന്നും ഇന്നത് വായിക്കുമ്പോൾ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട് എന്നും കുറിച്ച് കൊണ്ട് ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ‘ലേലു അല്ലു’ പറഞ്ഞെത്തി.
“മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു”, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
“അപ്പോഴത്തെ തെറ്റ് മനസ്സിലാക്കി ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ തോന്നിയത് ഒരുപാട് നന്ദി”, പൃഥ്വിരാജ് ഫാന്‍സും ഫെയ്സ്ബുക്കില്‍ ഐശ്വര്യയുടെ കുറിപ്പിന് താഴെ പ്രതികരിക്കുന്നുണ്ട്.
ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘വരത്തന്’ തിയേറ്ററുകളില്‍ നല്ല പ്രതികരണം നേടി മുന്നേറുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്.