ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘അർച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിലെ ‘മനസുനോ, എന്റെ ഗാനസുനോ’ എന്ന ഗാനം ഇന്നലെയാണ് പുറത്തിറങ്ങിയത്. രമേശ് പിഷാരടി പാടിയ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, അതിനൊപ്പം മറ്റൊരു വീഡിയോയും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്.
ഈ ഗാനം ഐശ്വര്യയും പിഷാരടിയും കൂടി മേശയിൽ കൊട്ടി പാടുന്നതാണ് വീഡിയോയിൽ. ഐശ്വര്യ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്. “ഇതൊന്ന് പോസ്റ്റ് ചെയ്യാൻ അക്ഷമയായി കാത്തിരിക്കുകയായിരുന്നു” എന്ന് ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ഐശ്വര്യ വീഡിയോ പോസ്റ്റ് ചെയ്തത്.
ഒരു റസ്റ്റോറന്റിൽ അഭിമുഖം നൽകാനായി ഇരുന്നപ്പോൾ എടുത്തതാണ് വീഡിയോ. അടുത്തിരുന്ന ഗ്ലാസിൽ മൊബൈൽ ചാരി വെച്ച് ഐശ്വര്യ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. “മരാളമ നീ മരാളമാ” എന്ന് പിഷാരടി വിഡിയോക്ക് കമന്റും ചെയ്തിട്ടുണ്ട്.
നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ‘ദേവിക പ്‌ളസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. ഫെബ്രുവരി നാലിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
അർച്ചന എന്ന പ്രൈമറി സ്കൂൾ ടീച്ചറുടെ വിവാഹത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ അർച്ചനയുടെ ജീവിതത്തിലെ രസകരമായ സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഇന്ദ്രൻസ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു. പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.