മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറക്കി. കയ്യിൽ തോക്കുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ബാക്ക് ഷോട്ടിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. സിനിമയിൽ ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാർ. ‘ക്രിസ്റ്റഫർ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചെയ്ത് ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ എഴുതിയ വാക്കുകളാണ് മമ്മൂട്ടി ഫാൻസ് ഏറ്റെടുത്തിരിക്കുന്നത്.
”ഈ സെറ്റിൽ ഉണ്ടായിരിക്കാൻ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഈ സെറ്റിൽനിന്നും മികച്ചത് പഠിക്കാൻ ഞാന ഇഷ്ടപ്പെടുന്നു. മാത്രമല്ല, ഈ അമാനുഷിക മനുഷ്യനു ചുറ്റും ഉണ്ടായിരിക്കുന്നത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. മമ്മൂക്കാ, നിങ്ങളോട് എപ്പോഴും സ്നേഹവും ആദരവും മാത്രം. ഇത്രയും ദയാലുവായതിന് നന്ദി. സെറ്റിലേക്ക് മടങ്ങിയെത്തി നിങ്ങളെയെല്ലാം വീണ്ടും ശല്യപ്പെടുത്താൻ കാത്തിരിക്കുന്നു ഉണ്ണി സാർ,” ഇതായിരുന്നു ഐശ്വര്യ കുറിച്ചത്.
ആര്.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ ബി. ഉണ്ണികൃഷ്ണനാണ് ‘ക്രിസ്റ്റഫര്‍’ നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പ്രതിനായകനായി വിനയ് റായും അഭിനയിക്കുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. സിദ്ധിഖ്, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി മറ്റു നിരവധി താരങ്ങളുമുണ്ട്.