ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഷൈന്‍ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, വിനയ് റായി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ചിത്രീകരണത്തിനിടയിലുണ്ടായ രസകരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഐശ്വര്യ ലക്ഷ്മി. കുമാരി എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. ‘ മമ്മൂക്ക ഭയങ്കര ചക്കരയാണ്. ഞാന്‍ ക്രിസ്റ്റഫര്‍ എന്ന ചിത്രം ചെയ്യാന്‍ കാരണം മമ്മൂക്കയുടെ കൂടെയുളള ഒരു സീനാണ്. എനിക്കു ആദ്യം വേറെ കഥാപാത്രമാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പം ചെയ്യുവാനായി ഞാന്‍ ഈ കഥാപാത്രം ചോദിച്ചു വാങ്ങിയതാണ്. ഭയങ്കര സ്‌നേഹമുളെളാരു മനുഷ്യനാണ് മമ്മൂക്ക’ ഐശ്വര്യ പറഞ്ഞു.
‘സിനിമയില്‍ വന്ന ആദ്യ കാലങ്ങളിലുളള വിശേഷങ്ങളൊക്കെ പറയാറുണ്ട്. മൂന്നാമത്തെ ചിത്രം ചെയ്യുവാനായി അമേരിക്കയില്‍ പോയപ്പോള്‍ കൈയ്യില്‍ അധികം കാശില്ലാത്തതു കാരണം എല്ലാവരും ആ സിനിമയിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് മനോജാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.