അമ്മമാരുടെ സാരി ചില പെൺകുട്ടികളെയെങ്കിലും സംബന്ധിച്ച് അവരുടെ കുട്ടിക്കാല സ്വപ്നമായിരിക്കും. വളരുമ്പോൾ അമ്മയെ പോലെ സാരിയുടുക്കാൻ, ആ സാരിവർണങ്ങളിൽ അതിസുന്ദരിയാവാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. മിക്കവാറും കൗമാരക്കാരികൾ ആദ്യമുടുത്തു പഠിക്കുന്നതും അമ്മയുടെ സാരിയായിരിക്കും. നടി ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഇളം നീലസാരി അണിഞ്ഞ ഐശ്വര്യയെയാണ് ചിത്രത്തിൽ കാണാനാവുക, ഒപ്പം അമ്മയുടെ ഒരു പഴയകാല സാരിചിത്രവും ഉണ്ട്. ഇരുചിത്രങ്ങളിലെയും സാരികൾ ഒരുപോലെയാണ്.
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്.
“ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോൾ ഉണ്ടായ അതേ ടെൻഷനായിരുന്നു എനിക്ക്. പൊതുവേ ഏത് സിനിമയുടെ തുടക്കത്തിലും എനിക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. പക്ഷേ മണി സാറിന്റെ സിനിമയുടെ ഓഡിഷന് പോകുമ്പോൾ അനുഭവിച്ച ടെൻഷൻ എനിക്ക് വിവരിക്കാൻ കഴിയില്ല. ലുക്ക് ടെസ്റ്റും ഓഡിഷനും ഒന്നിച്ചായിരുന്നു. സെലക്ഷൻ കിട്ടാതെ നാളെ ആരെങ്കിലും എന്നെക്കുറിച്ച് ചോദിക്കുമ്പോൾ ആ കുട്ടി വളരെ മോശമാണെന്ന് മണി സർ പറയുന്നതൊക്കെ ഞാൻ സങ്കൽപ്പിച്ചു വച്ചു. എന്നാല്‍ ഭാഗ്യത്തിന് ആദ്യ ഓഡിഷനിൽ തന്നെ സർ ഓക്കെ പറഞ്ഞു,” ഐശ്വര്യ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
സിനിമയുടെ ചിത്രീകരണം തായ്‌ലൻഡിൽ പുരോഗമിക്കുകയാണ്. 2010ൽ പുറത്തിറങ്ങിയ ‘രാവൺ’ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ റായിയും മണിരത്നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പൊന്നിയിൻ സെൽവ’നുണ്ട്. മാത്രമല്ല ചിത്രത്തിൽ ഐശ്വര്യ ഇരട്ട വേഷത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ കൂടി ഇരട്ട വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ഐശ്വര്യാ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
Read more: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; ‘പൊന്നിയിൻ സെൽവനെ’ക്കുറിച്ച് ഐശ്വര്യ