ഐശ്വര്യ റായ് ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണെന്ന് ജയാ ബച്ചന്‍. മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ജയ ഇങ്ങനെ മറുപടി പറഞ്ഞത്. 2018ല്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ മുഖാമുഖം പരിപാടിയായ ഐഡിയ എക്സ്ചേഞ്ചില്‍ പങ്കെടുത്തു സംസാരിച്ചപ്പോളാണ് ജയ ഇങ്ങനെ പരാമര്‍ശിച്ചത്.

“ഇല്ല ഞാന്‍ അങ്ങനെ കരുതുന്നില്ല. ഐശ്വര്യ ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതു കൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസ്സിവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
എന്‍റെ കുട്ടികളുടെ കുട്ടിക്കാലത്ത് അവര്‍ എന്താവശ്യമുണ്ടെങ്കിലും അമ്മ എന്ന നിലയില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. പക്ഷേ ഇത് പോലെയല്ല. ഞാന്‍ തന്നെ കുഞ്ഞിനെ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം, പഠിപ്പിക്കണം എന്നൊക്കെ ഇപ്പോഴത്തെ അമ്മമാര്‍ക്ക് നിര്‍ബന്ധമാണ്. ഞാനും ഇതൊന്നും ചെയ്തിട്ടില്ല എന്നല്ല, പക്ഷേ എന്നെക്കൊണ്ടാവും പോലെ മിതമായ രീതിയില്‍ ആയിരുന്നു.
എന്‍റെ മകള്‍ ശ്വേതയും അങ്ങനെയായിരുന്നു അവളുടെ മക്കളോട്. താഴെ വീണും, സ്വയം എഴുന്നേറ്റ് പോയും, പാഠങ്ങള്‍ പഠിച്ചും ഒക്കെത്തന്നെയാണ് ഞങ്ങളിലെ അമ്മമാര്‍ വളര്‍ന്നത്. അതൊന്നും ആരും അത്ര ശ്രദ്ധിച്ചിരുന്നുമില്ല.
ഇംഗ്ലീഷില്‍ വായിക്കാം: Does Aishwarya miss being a full-time actress?
ഇപ്പോള്‍ അതല്ല കാര്യം. കാലം മാറി, കാര്യങ്ങളും മാറി. പല തരത്തിലുള്ള ‘ഇന്‍സെക്യൂരിറ്റി’ (അരക്ഷിതാവസ്ഥ) കളുണ്ട്. കൂട്ടുകുടുംബങ്ങളില്‍, വളരെ സുരക്ഷിതമായ ഒരന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിച്ചു പോന്നത്. എന്താവശ്യത്തിനും ആളുകള്‍ ഉണ്ടായിരുന്നു.
അക്കാര്യത്തില്‍ ഐശ്വര്യയ്ക്ക് വലിയ ‘ചോയ്സ്’ ഇല്ല. ഞാന്‍ ഉണ്ട്, പക്ഷേ അവളുടെ അമ്മ എപ്പോഴും കൂടെയില്ല. ഇന്ന് കൂട്ടുകുടുംബങ്ങള്‍ ഇല്ലല്ലോ, അതു കൊണ്ട് അമ്മമാര്‍ തന്നെ കുട്ടികളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വരുന്നു”, ജയ വ്യക്തമാക്കി.
2007 ഏപ്രിൽ 20 നാണ് അമിതാഭ് ബച്ചന്‍-ജയാ ബച്ചന്‍ ദമ്പതികളുടെ മകന്‍ അഭിഷേക് ബച്ചനും നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായും വിവാഹിതരായത്. ഇവര്‍ക്ക് ഒരു ഒരേയൊരു മകളാണുള്ളത് – ആറു വയസ്സുകാരി ആരാധ്യാ ബച്ചന്‍. ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ കുറച്ചു കാലം അഭിനയ രംഗത്ത് നിന്നും പാടേ വിട്ടു നിന്നിരുന്നു. ‘സരബ്ജീത്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും. ചുരുക്കം ചില ചിത്രങ്ങളില്‍ വേഷമിട്ടത് ഒഴിച്ചാല്‍ ആരാധ്യയുടെ അമ്മ റോളില്‍ തന്നെയാണ് ഐശ്വര്യയെ കൂടുതലും കണ്ടത്.
ഐശ്വര്യയെ ‘സൂപ്പർമോം’ എന്നാണ് ഒരഭിമുഖത്തിൽ അഭിഷേക് വിശേഷിപ്പിച്ചത്.
“അമ്മയായതോടെ തന്‍റെ കരിയർ ഐശ്വര്യ ബാക്‌സീറ്റിലേക്ക് മാറ്റിവച്ചു. ഇന്നവൾ ചെയ്യുന്നതെല്ലാം ആരാധ്യയ്ക്കുവേണ്ടിയാണ്. അവളൊരു സൂപ്പർമോം ആണ്.
ആരാധ്യയുടെ ജനനത്തിനു പിന്നാലെ മാധ്യമങ്ങൾ ഐശ്വര്യ വണ്ണം വച്ചതിനെക്കുറിച്ച് പലതും എഴുതിപ്പിടിപ്പിച്ചു. ഇതെന്നെ ശരിക്കും അസ്വസ്ഥനാക്കി. എന്‍റെ അസ്വസ്ഥത കണ്ടിട്ട് ഇതൊന്നും കാര്യമാക്കേണ്ടെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
ഐശ്വര്യ ഒരു ദിവസം പോലും ജിമ്മിൽ പോയിട്ടില്ല എന്ന കാര്യം അവളെ അടുത്തറിയാവുന്നവർക്ക് അറിയാം. ധൂം 2 (2006) വിന്റെ ഷൂട്ടിങ് സമയത്ത് ഉദയ് ചോപ്രയും ഹൃത്വിക് റോഷനും ഞാനും പിടിച്ചു വലിച്ചാണ് ഐശ്വര്യയെ ജിമ്മിൽ കൊണ്ടുപോയത്. അന്നാണ് ഐശ്വര്യ ജീവിതത്തിൽ ആദ്യമായും അവസാനമായും ജിമ്മിൽ പോയത്”, അഭിഷേക് വെളിപ്പെടുത്തി.