‘മായ’, ‘ഡോറ’ തുടങ്ങിയ ഹൊറർ ത്രില്ലർ ചിത്രങ്ങൾക്കു ശേഷം നയൻതാര കേന്ദ്രകഥാപാത്രമായെത്തുന്ന ഹൊറർ ചിത്രം ‘ഐറ’യുടെ ട്രെയിലർ റിലീസായി. ഭയം സമ്മാനിക്കുന്ന രംഗങ്ങളാണ് ട്രെയിലറിന്റെ പ്രത്യേകത. ‘ലക്ഷ്മി’, ‘മാ’ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ എം സംവിധാനം ചെയ്ത ‘ഐറ’ നിർമ്മിച്ചിരിക്കുന്നത് കെ ജെ ആർ സ്റ്റുഡിയോസ് ആണ്.

ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് നയൻതാര എത്തുന്നത്. യമുന എന്ന ജേർണലിസ്റ്റായും ഭവാനി എന്ന നാട്ടിൻപ്പുറത്തുകാരിയായും നയൻതാര എത്തുമ്പോൾ നയൻതാരയുടെ കരിയറിലെ ആദ്യത്തെ ഇരട്ടവേഷങ്ങളാണ് ‘ഐറ’ സമ്മാനിക്കുന്നത്. യോഗിബാബു, ജയപ്രകാശ്, കലൈരസൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

“ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐര എന്നത്. ആനകൾക്ക് വളരെ മികച്ച ഓർമ്മശക്തിയാണ്, നയൻതാരയുടെ കഥാപാത്രങ്ങളിലൊന്നും ആനയ്ക്ക് തുല്യമായ ഓർമ്മശക്തിയുള്ള ആളാണ്. തീർത്തും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നയൻതാരയുടെ രണ്ടു കഥാപാത്രങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. അസാധാരണമായ ഒരു പ്രതികാരകഥയാണ് ‘ഐറ’. വ്യത്യസ്തമായൊരു അനുഭവമായിരിക്കും ‘ഐറ’ പ്രേക്ഷകർക്ക് സമ്മാനിക്കുക,” സംവിധായകൻ സർജുൻ കെ എം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read more: ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുമ്പോൾ നയൻതാരയുടെ പ്രതികരണം

ചിത്രത്തിലെ നയൻതാരയുടെ ചിത്രങ്ങൾ അടുത്തിടെ റിലീസ് ചെയ്തിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. തെലുങ്കിലും തമിഴിലും റിലീസിനെത്തുന്ന ‘ഐറ’ മാർച്ച് 28 ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook