എബിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഇനി എയര്‍ ഏഷ്യ. തെന്നിന്ത്യയില്‍ നേരത്തേ കബാലിക്ക് മാത്രമായിരുന്നു ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാനായത്. രജനികാന്തിന്റെ കബാലി പോസ്റ്റര്‍ പതപ്പിച്ച ഒരു വിമാനം തന്നെ എയര്‍ എഷ്യ തയാറാക്കിയിരുന്നു. ഇതേ രീതിയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എബിക്കായും ഒരുക്കിയത്. എബിയുടെ എയര്‍ലൈന്‍ പാട്ണര്‍ ആയതായി അറിയിച്ച് എയര്‍ ഏഷ്യ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചിട്ടുണ്ട്.

പ്രചരണത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും യാത്രക്കാര്‍ക്കായി എയര്‍ ഏഷ്യ ഒരുക്കുന്നുണ്ട്. ഫ്‌ളൈ ലൈക്ക് എബി ക്യാമ്പയിനിനും അധികൃതര്‍ തുടക്കമിടും. എബി സിനിമ കാണുന്നവര്‍ക്ക് സൗജന്യ വിദേശയാത്ര ഉള്‍പ്പെടെ നിരവിധി സമ്മാനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്.

മലയാളത്തില്‍ പുതിയ അനുഭവം ഇത്തരത്തിലൊരു പ്രചരണ തന്ത്രം മലയാളത്തില്‍ പുതിയതാണ്. ബോളിവുഡിലും കോളീവുഡിലും മാത്രമാണ് ഇത്തരത്തിലുള്ള പ്രചരണ തന്ത്രം നേരത്തേ പയറ്റിയിട്ടുള്ളത്.

ചിത്രത്തിന്റെ പ്രമേയത്തിലെ വ്യത്യസ്തതയാണ് ഇത്തരമൊരു നീക്കത്തിന് എയര്‍ ഏഷ്യയ്ക്ക് പ്രേരണയായത്. എബിയുടെ പ്രചരണത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും എയര്‍ ഏഷ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വ്യത്യസ്തമായ വഴികള്‍ തേടുന്ന എബി ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി വ്യത്യസ്തമായ വഴികള്‍ തേടുകയാണ് എബിയുടെ അണിയറ പ്രവര്‍ത്തകര്‍. നേരത്തേ ചിത്രത്തിന്റെ ത്രീഡി ഹോര്‍ഡിംഗുകള്‍ നഗരങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ത്രീഡി ഹോര്‍ഡിംഗുകള്‍ പ്രചരണത്തിനായി വെക്കുന്നത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഈ മാസം തന്നെ പ്രദര്‍ശനത്തിനെത്തും. ഇടവേളയ്ക്കുശേഷമാണ് വിനീത് പ്രധാന വേഷത്തിലെത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വക്കീല്‍വേഷത്തിലെത്തിയ ശ്രീകാന്ത് മുരളിയാണ് സംവിധാനം.

വൈകല്യങ്ങളെ അതിജീവിച്ച് വിമാനം നിര്‍മിക്കണമെന്ന തീവ്രമായ ആശയുമായി നടക്കുന്ന വ്യത്യസ്തനായ കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും പ്രധാന വേഷത്തിലുണ്ട്. സന്തോഷ് ഏച്ചിക്കാനമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook