/indian-express-malayalam/media/media_files/2026/01/11/happy-ending-love-stories-ai-2026-01-11-14-54-04.jpg)
എഐ (നിർമ്മിത ബുദ്ധി) വീഡിയോകളുടെ അതിപ്രസരമുള്ള കാലമാണിത്. സിനിമയുടെ ക്ലൈമാക്സുകൾ തിരുത്തിയും, മൾട്ടിവേഴ്സുകൾ സൃഷ്ടിച്ചും, തങ്ങൾക്കിഷ്ടപ്പെട്ട താരങ്ങളെ അസംഭവ്യമായ സാഹചര്യങ്ങളിൽ പ്രതിഷ്ഠിച്ചും എഐ കലാകാരന്മാർ ഭാവനയുടെ പുതിയ ലോകങ്ങൾ തീർക്കുകയാണ്. "ഇതൊക്കെ ആരുടെ ബുദ്ധിയിൽ വിരിയുന്ന അത്ഭുതങ്ങളാണ്?" എന്ന് ഓരോ കാഴ്ചക്കാരനും ചോദിച്ചുപോകുന്ന തരത്തിലുള്ള ദൃശ്യവിസ്മയങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്.
ഇപ്പോഴിതാ, മലയാള സിനിമയിലെ നോവ് ബാക്കിയാക്കിയ പ്രണയജോഡികൾക്ക് എഐയിലൂടെ ഒരു 'ഹാപ്പി എൻഡിംഗ്' നൽകിയിരിക്കുകയാണ് ഒരു കലാകാരൻ. വെള്ളിത്തിരയിൽ ഒന്നിക്കാനാവാതെ പോയ, മരണം കൊണ്ടോ വിധി കൊണ്ടോ വേർപിരിഞ്ഞുപോയ ആ പ്രണയിനികളെ ഒരു വിവാഹവേദിയിൽ ഒന്നിപ്പിക്കുകയാണ് ഈ വൈറൽ വീഡിയോ. വന്ദനത്തിലെ ഉണ്ണിയും ഗാഥയും മുതൽ ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും വരെ വീഡിയോയിൽ മിന്നിമറഞ്ഞു പോവുന്നുണ്ട്.
Also Read: ബോക്സ് ഓഫീസിലെ ചക്രവർത്തി പ്രഭാസ് തന്നെ; ചരിത്രം തിരുത്തി 'രാജാ സാബ്'
'മലയാളികൾ ആഗ്രഹിച്ച കല്യാണം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ തുടങ്ങുന്നത് വന്ദനത്തിലെ ഉണ്ണിയും ഗാഥയും വിവാഹിതരാകുന്ന ദൃശ്യത്തോടെയാണ്. ക്ലൈമാക്സിൽ ട്രാഫിക് ബ്ലോക്കിൽ പെട്ട് ഉണ്ണിക്ക് ഗാഥയെ നഷ്ടമാകുമ്പോൾ തോന്നിയ ആ സങ്കടം മായ്ക്കാൻ എഐയുടെ ഈ കല്യാണ വീഡിയോയ്ക്ക് കഴിയുന്നുണ്ട്.
തുടർന്ന് ഒന്നിനുപുറകെ ഒന്നായി മലയാളിയുടെ പ്രിയപ്പെട്ട പ്രണയജോഡികൾ സ്ക്രീനിലെത്തുന്നു. പ്രേമത്തിലെ മലരും ജോർജും, ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയും, എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയും മൊയ്തീനും, നീലത്താമരയിലെ കുഞ്ഞിമാളുവും ഹരിദാസും, ഖൽബിലെ ലിയോണാർഡോ കാൽപോയും തുമ്പിയും, ക്ലാസ്മേറ്റ്സിലെ മുരളിയും റസിയയും, 2018ലെ അനൂപും മഞ്ജുവും, അന്നയും റസൂലും, ഒരു യമണ്ടൻ പ്രണയകഥയിലെ ലല്ലുവും ദിയയുമെല്ലാം കടന്നുവരുന്നു.
Also Read: ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
വീഡിയോ വൈറലായതോടെ കമന്റ് ബോക്സുകളിൽ പുതിയ ആവശ്യങ്ങളുമായി സിനിമാപ്രേമികൾ എത്തിയിരിക്കുകയാണ്. ചില പ്രണയങ്ങൾ കൂടി വിട്ടുപോയിട്ടുണ്ടെന്നും അവ കൂടി ഉൾപ്പെടുത്തണമെന്നുമാണ് ആരാധകരുടെ പക്ഷം.
അയാളും ഞാനും തമ്മിലെ രവി തരകനും സൈനുവും ഒന്നിക്കണമായിരുന്നു, മിന്നൽ മുരളിയിലെ ഷിബുവിനും ഉഷയ്ക്കും ഒരു ജീവിതം നൽകൂ, സൂഫിയും സുജാതയും, പൊറിഞ്ചു മറിയം ജോസിലെ പൊറിഞ്ചുവും മറിയവും ഇവരൊക്കെ എവിടെ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.
സിനിമയിൽ കണ്ടു ശീലിച്ച ദുരന്ത പര്യവസാനങ്ങൾ നൽകിയ മുറിവുകൾക്ക്, ഭാവനയുടെ ഈ മരുന്നുകൂട്ട് ചെറിയൊരു ആശ്വാസം തന്നെയാണ്. വിരഹത്തിന്റെ നോവറിയാത്ത ഒരു 'പാരലൽ യൂണിവേഴ്സ്' സിനിമകൾക്കായി സൃഷ്ടിക്കുകയാണ് ഇത്തരം എഐ വിഡിയോകൾ.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us