അഭിനയിത്തിനൊപ്പം തനിക്ക് നന്നായി പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാര്‍. കാറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നിലധികം പാട്ടുകള്‍ പാടി അഭിനയിച്ചാണ് താരപുത്രി വീണ്ടും തിളങ്ങി നില്‍ക്കുന്നത്. അച്ഛന്‍ കൃഷ്ണ കുമാര്‍ അഭിനയിച്ച ചിത്രത്തിലെ ‘കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍’ എന്ന പാട്ടും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

അഹാന പാടുന്ന വീഡിയോ ആല്‍ബം നടി തന്നെയാണ് യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നത്. വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ് എന്ന മ്യൂസിക് ആല്‍ബത്തില്‍ നിന്നുമായിരുന്നു അഹാനയുടെ പാട്ട് പുറത്ത് വന്നത്. ശ്യാം പ്രകാശ് എം എസാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് 24 മണിക്കൂറിനകം ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

കാറ്റ് എന്ന വാക്കില്‍ തുടങ്ങുന്ന പാട്ടുകള്‍ കോര്‍ത്തിണക്കിയാണ് അഹാന പാടിയിരിക്കുന്നത്. തമിഴില്‍ നിന്നുളള പാട്ടുകള്‍ക്കൊപ്പമാണ് മലയാള ഗാനവും പാടിയിരിക്കുന്നത്. കാട്രിന്‍ മൊഴിയില്‍, തുളളി വരും കാട്രേ, കാട്രേ എന്‍ വാസല്‍ വന്തായ് എന്നിവയാണ് തമിഴ് ഗാനങ്ങള്‍. ‘കാറ്റ് വന്ന് വിളിച്ചപ്പോള്‍’ എന്ന ശശി പരവൂര്‍ സംവിധാനം ചെയ്ത സിനിമയില്‍ ചിപ്പിയ്ക്കൊപ്പം കൃഷ്ണകുമാറാണ് ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂത്ത ആളാണ് അഹാന കൃഷ്ണ. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് അഹാന അവസാനമായി വേഷമിട്ട ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ