ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്നെ തേടിയെത്തിയ മനോഹരമായൊരു സമ്മാനത്തെ കുറിച്ച് സംസാരിക്കുകയാണ് അഹാന കൃഷ്ണ. ആ സമ്മാനം നൽകിയിരിക്കുന്നത് മറ്റാരുമല്ല, യുവതാരം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ചേർന്നാണ്.
Read more: ‘കടലിന്നഗാധമാം നീലിമയിൽ’; മത്സ്യ കന്യകയെ പോലെ അഹാന
ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസിന്റെ ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വേഫെയറര്‍ ഫിലിംസിനു വേണ്ടി അഹാനയോട് നന്ദിയും സ്നേഹവും അറിയിക്കുകയാണ് ദുൽഖർ. അഭിനയിക്കുമ്പോൾ മാത്രമല്ല, ഷൂട്ടിംഗ് കഴിഞ്ഞ് ബാഗ് പാക്ക് ചെയ്യുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി സമ്മാനിക്കുന്ന ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷൻ ഹൗസ് എന്നാണ് അഹാന വേഫെയറിനെ വിശേഷിപ്പിക്കുന്നത്. ദുൽഖറും അമാലും സ്നേഹത്തോടെ നൽകിയ സമ്മാനത്തിന്റെ ചിത്രങ്ങളും അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അനുഭവം ആദ്യമായാണെന്നും അഹാന കുറിക്കുന്നു.
രതീഷ് രവിയുടെ തിരക്കഥയില്‍ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്ത സംഗീത സംവിധായകനും ഫായിസ് സിദ്ദിക് ഛായാഗ്രാഹകനുമാണ്. സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനന്‍, സുഭാഷ് കരുൺ കലാസംവിധാനം, രഞ്ജിത്ത് ആർ മേക്കപ്പ് എന്നിവ നിര്‍വ്വഹിക്കുന്നു. നടന് ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്.
“എല്ലാ കോവിഡ് ചട്ടങ്ങൾക്കും അനുസൃതമായി 50 ദിവസത്തിലേറെയായി ആലുവയിലും പരിസരത്തുമായാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്. കോവിഡ് പകർച്ചവ്യാധി ഉള്ളതിനാല്‍ ചിത്രം പ്രഖ്യാപിക്കാനോ അത് വഴി ഷൂട്ടിംഗിലേക്ക് കൂടുതല്‍ ശ്രദ്ധ വരുന്നതും ഞങ്ങൾ ആഗ്രഹിച്ചില്ല. കർശനമായ പ്രോട്ടോക്കോളുകളും നടപടികളും സ്വീകരിച്ച്, ഞങ്ങളുടെ ടീമിനോ പരിസരത്തെ പൊതുജനങ്ങൾക്കോ കോവിഡ് ബാധയില്ലാതെ മുഴുവൻ സിനിമയും പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്…” ചിത്രം പൂർത്തിയാക്കിയ സന്തോഷം പങ്കിട്ടുകൊണ്ട് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ.
Read more: ഒരുപാട് പേര് എന്നോട് ചോദിക്കുന്നു, ഞാനും പലരോട് ചോദിച്ചിട്ടുണ്ട്; അഹാനയുടെ പുതിയ വീഡിയോ