സോഷ്യൽ മീഡിയയിലൂടെ മോശമായ രീതിയിൽ ആക്രമണം നടത്തുകയും മറ്റുള്ളവരെ കുറിച്ച് അപവാദങ്ങൾ പറയുകയും ചെയ്യുന്നവരോട് പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണ പുറത്തുവിട്ട യൂട്യൂബ് വീഡിയോ ഏറെ ശ്രദ്ധ നേടുകയും വൈറലാവുകയും ചെയ്തിരുന്നു. പ്രശസ്തരടക്കം നിരവധി പേരാണ് അഹാനയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നടൻ പൃഥ്വിരാജും വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ ഷെയർ ചെയ്യാൻ താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അതിനാൽ തന്നെ പൃഥ്വിരാജിന്റെ ആ പ്രവൃത്തി ഏറെ സർപ്രൈസായി തോന്നിയെന്നുമാണ് അഹാന പറയുന്നത്. താൻ പൃഥ്വിയുടെ വലിയൊരു ഫാനാണെന്നും അഹാന പറഞ്ഞു.
“ഞാൻ അദ്ദേഹത്തോട് ഷെയർ ചെയ്യാണ ആവശ്യപ്പെട്ടിരുന്നില്ല. അതിശയകരമായൊരു സർപ്രൈസിലേക്കാണ് ഞാനിന്ന് ഉണർന്നത്. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാൻ. അദ്ദേഹത്തെ പോലെ കാര്യങ്ങളിൽ ഉറച്ച അഭിപ്രായവും വ്യക്തിത്വവുമുള്ള ഒരാൾ നിങ്ങളുടെ കണ്ടന്റ് ഷെയർ ചെയ്യുമ്പോൾ, നമുക്ക് ചെയ്യാവുന്നത് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും അതിന്റെ സ്ക്രീൻഷോട്ട് നിങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും അയച്ചുകൊടുക്കുക എന്നതുമാണ്,” അഹാന ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
“ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ”ന്നും പറഞ്ഞുകൊണ്ട് നടി അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണെന്ന് നടി പറയാതെ പറയുകയായിരുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു.
Read More: വായില്‍ തോന്നുന്നത് വിളിച്ച് പറയരുത്; ആരോപണം അംഗീകരിക്കില്ലെന്ന് അഹാന
ഇതിന്റെ പശ്ചാത്തലത്തിൽ മാന്യമായ ഭാഷയിൽ പലരും അഹാനയുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ, വളരെ മോശമായ ഭാഷയിൽ അവരെ അസഭ്യം പറയുകയും വിമർശിക്കുകയും, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കേട്ടാലറയ്ക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സോഷ്യൽ മീഡിയ ആക്രമണത്തോട് രസകരമായ പ്രതികരണമാണ് അഹാന നടത്തുന്നത്.
‘എ ലൗവ് ലെറ്റർ ടു സെെബർ ബൂള്ളീസ്’ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. താൻ നേരിട്ട സൈബർ ആക്രമണത്തിനുള്ള പ്രതികരണമോ മറുപടിയോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് തന്നെ ആക്രമിച്ചവർ സ്വയം ലജ്ജിക്കണമെന്നും അഹാന കൂട്ടിച്ചേർത്തു.
ഒരു മൊബൈൽ ഫോണും ആവശ്യത്തിലധികം സമയവും, മറ്റൊരാളോട് അവരെ കുറിച്ച് തന്നെ വളരെ മോശമായി പറയുമ്പോൾ സന്തോഷം ലഭിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങൾ എങ്കിൽ നിങ്ങളും ഒരു സൈബർ അറ്റാക്കർ ആണെന്ന് അഹാന പറയുന്നു.
നിങ്ങൾ ഇത്തരത്തിൽ കമന്റുകൾ ഇടുമ്പോൾ അത് നിങ്ങൾ ആരാണെന്നും നിങ്ങളുടെ വ്യക്തിത്വം എന്താണെന്നുമാണ് കാണിക്കുന്നത്. എന്റെ വീട്ടുകാരെയല്ല, നിങ്ങളുടെ വീട്ടുകാരെയാണ് അത് പരിഹസിക്കുന്നത്. എനിക്കല്ല, നിങ്ങൾക്കാണ് വളർത്ത് ദോഷം. നിങ്ങളുടെ കമന്റിന് 250 ലൈക്ക് കിട്ടിയെങ്കിൽ ഈ ലോകത്ത് 250 സൈബർ അറ്റാക്കർമാർ കൂടിയുണ്ടെന്നാണ് അതിന് അർഥം എന്നും അഹാന പറയുന്നു.
ഇനി തന്റെ ഈ വീഡിയോ കാണുമ്പോൾ, പറഞ്ഞ കാര്യങ്ങൾ ഒന്നും പോലും മനസിലാക്കാതെ “അപ്പോൾ ഇവൾക്ക് മലയാളം പറയാൻ അറിയാം” എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, “ആ, അതേടാ, മലയാളം പറയാൻ നന്നായിട്ടറിയാം,” എന്നു പറഞ്ഞുകൊണ്ടാണ് അഹാന വീഡിയോ അവസാനിപ്പിക്കുന്നത്.