ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അഹാന പങ്കുവച്ച ‘ട്രൂ ഓർ ഫാൾസ്’ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വീഡിയോയിൽ താൻ കാര്യങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഓർഗനൈസ് ചെയ്യുന്ന ആളാണെന്നാണ് അഹാന പറയുന്നത്. “വീട്ടിൽ എല്ലാം ഓർഗനൈസ് ചെയ്തു വെയ്ക്കണം എന്നത് എനിക്ക് നിർബന്ധമാണ്. സഹോദരിമാർക്ക് അങ്ങനെയില്ല. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിടുന്നത് എനിക്കിഷ്ടമല്ല. ഞങ്ങൾ തമ്മിൽ ഏറ്റവും കൂടുതൽ അടി ഉണ്ടാക്കുന്ന കാര്യം ഇതാണ്,” അഹാന പറയുന്നു.
പഠിക്കാൻ മിടുക്കിയായിരുന്ന ആളായിരുന്നെങ്കിലും ഒരിക്കൽ താൻ ഫിസിക്സ് പരീക്ഷയിൽ തോറ്റിട്ടുണ്ടെന്നും കോപ്പിയടിച്ചതിന് ഒരിക്കൽ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അഹാന പറഞ്ഞു.
തനിച്ചിരിക്കാൻ ഇഷ്ടമുള്ള താൻ സ്വന്തം കമ്പനി ആസ്വദിക്കുന്ന വ്യക്തിയാണെന്നും അഹാന കൂട്ടിച്ചേർക്കുന്നു. “ഒറ്റയ്ക്കിരിക്കുന്നത് നന്നായി എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. തനിയെ ഇരുന്ന് സംസാരിക്കാറുണ്ട്. എനിക്ക് അൽപ്പം ഭ്രാന്തുണ്ടെന്നാ അമ്മയും അനിയത്തിമാരും പറയുക,” ചിരിയോടെ അഹാന പറയുന്നു.
Read more: വിജയ്‌യുടെ ‘കുട്ടി സ്റ്റോറി’ പാട്ടിനൊപ്പം താളം പിടിച്ച് അഹാന; വീഡിയോ
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.