കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രണ്ടാഴ്ചയിലധികം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം രോഗമുക്തയായിരിക്കുകയാണ് യുവനടി അഹാന കൃഷ്ണ. കോവിഡ് ബാധിച്ച കാലയളവിലെ തന്റെ ദിവസങ്ങൾ എങ്ങനെയായിരുന്നുവെന്ന് പറഞ്ഞ് അനുഭവങ്ങൾ ഒരു വീഡിയോയിലൂടെ പങ്കിടുകയാണ് അഹാന ഇപ്പോൾ. ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് നടി പങ്കുവച്ചത്. ഓരോ ദിവസവുമുള്ള വീഡിയോകൾ അഹാന അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും ഒരുമിച്ച് ചേർത്ത് വീഡിയോ ബ്ലോഗായി പങ്കുവയ്ക്കുകയുമായിരുന്നു.
മൈ കോവിഡ് ഡേയ്സ് എന്ന പേരിലാണ് വീഡിയോ. ഡിസംബർ 21ന് കോവിഡ് ടെസ്റ്റ് നടത്തിയത് മുതൽ ക്വാറന്റൈൻ കഴിഞ്ഞ് രോഗമുക്തി നേടുന്നത് വരെയുള്ള ദിവസങ്ങൾ ഈ വീഡിയോയിൽ അഹാന പങ്കുവച്ചിരിക്കുന്നു.
നേരത്തെ കോവിഡ് ബാധിച്ച സമയത്തെ ചിത്രങ്ങൾ അഹാന പങ്കുവച്ചിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി തനിക്കൊപ്പമുണ്ടായിരുന്ന മരുന്നുകളുടേയും, തന്നെ പരിശോധിച്ച ലാബിലുള്ളവരുടേയും ചിത്രങ്ങളും അഹാന പങ്കുവച്ചു. ഒപ്പം തന്നെ ശുശ്രൂഷിച്ചവർക്ക് നന്ദി പറയാനും താരം മറന്നില്ല.
Read More: അഹാനയെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് അമ്മ; വേഗം അസുഖം മാറി തിരിച്ചുവരൂ എന്ന് കുഞ്ഞനുജത്തി
View this post on Instagram
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊറോണ നെഗറ്റീവ് ആയി. ഏകദേശം 20 ദിവസത്തിന് ശേഷം ഇന്ന് എന്റെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കി! പോസിറ്റീവ് മുതൽ നെഗറ്റീവ് വരെ, ഇത് ഒരു യാത്രയായിരുന്നു .. അതിന്റെ അവസാനത്തിൽ.. എനിക്ക് പറയാൻ കഴിയുന്നത് മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക!
ഇന്ന് യഥാർഥ ലോകത്തേക്ക് ചുവടുവയ്ക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എനിക്കൊപ്പമുള്ള കൂട്ടുകാരാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.
ഡിഡിആർസി ലാബിലെ സ്റ്റാഫുകളാണ് മൂന്നാമത്തെ ചിത്രത്തിലുള്ളത്.. ടെസ്റ്റ് ചെയ്യാൻ ഓരോ തവണ വരുമ്പോഴും അവർ എന്നോട് കരുണയുള്ളവരായിരുന്നു.. എനിക്ക് നെഗറ്റീവാകണമെന്ന് എന്നെക്കാൾ കൂടുതൽ അവർ ആഗ്രഹിച്ചു. നന്ദി കൂട്ടുകാരെ.
ഈ ദിവസങ്ങളിൽ എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും സ്നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! പ്രത്യേകിച്ചും മാത്യൂസ് ചേട്ടൻ, അൻസു ചേച്ചി എന്നിവരുടെ എല്ലാ കരുതലിനും,” അഹാന കുറിച്ചു.
Read More: ‘അടി’ വരുന്നെന്ന് ഡിക്യു; കൊള്ളാമല്ലോ എന്ന് സുപ്രിയ, ഹൃദയം നിറഞ്ഞെന്ന് അഹാന
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്,’ ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്,’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി.’ ‘ലില്ലി,’ ‘അന്വേഷണം’ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ‘അടി’ സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂർത്തിയാക്കിയത്.