‘ഭ്രമം’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് അഹാന കൃഷ്ണ. സിനിമയിൽനിന്നും അഹാനയെ ഒഴിവാക്കിയതിൽ പൃഥ്വിരാജിന് പങ്കുണ്ടെന്ന തരത്തിൽ ചില വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾക്കുളള മറുപടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നൽകിയിരിക്കുകയാണ് അഹാന.

”ഭ്രമം സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരിൽ വന്ന ചില വാർത്തകൾ ഞാൻ കണ്ടിരുന്നു. ദയവ് ചെയ്ത് എന്നെ ഇതിൽ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ആ സിനിമയിലേ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ വച്ചിട്ട് വാർത്തയാക്കരുത്. ഈ ഡ്രാമയിൽ എനിക്കൊരു പങ്കുമില്ല. എന്റെ ഫൊട്ടോ വച്ചു വരുന്ന വാർത്തകൾ ദയവ് ചെയ്ത് തളളിക്കളയുക,” അഹാന പറഞ്ഞു.

പൃഥ്വിരാജിന്റെ വലിയൊരു ആരാധികയാണ് താനെന്നും അഹാന പറഞ്ഞു. പൃഥ്വിരാജ് നല്ലൊരു നടനും നല്ലൊരു വ്യക്തിയുമാണ്. പൃഥ്വിരാജിനോട് ആദരവുളള വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും അഹാന വ്യക്തമാക്കി. ആ പ്രോജക്ടുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്. അതിന്റെ പേരിൽ കുറച്ചുപേർ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളത്. നമ്മൾ അത്രയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുടെ പേര് വച്ചിട്ട് വാർത്ത വരുമ്പോൾ അത് ബുദ്ധിമുട്ടാക്കുന്ന കാര്യമാണെന്നും അഹാന പറഞ്ഞു.

ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്തു പറ്റി, എന്താ കാര്യം എന്നൊക്കെ ചോദിച്ച് ദയവ് ചെയ്ത് തനിക്ക് മെസേജ് അയക്കരുതെന്നും അഹാന ആവശ്യപ്പെട്ടു. അതിനൊക്കെ മറുപടി നൽകാനുളള എനർജി എനിക്കില്ല. ഇത്തരം ഗോസിപ്പുകളെക്കുറിച്ച് എന്നോട് ചോദിക്കരുത്. എനിക്ക് വിശദീകരണം നൽകാനാവില്ലെന്നും അഹാന പറഞ്ഞു.

ahaana krishna,ie malayalam

പൃഥ്വിരാജിനെ നായകനാക്കി രവി കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഭ്രമം’. സിനിമയിൽനിന്നും അഹാനയെ മാറ്റിയതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ പേര് ഉയർന്നിരുന്നു. ഇതിനു സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് വിശദീകരണം നൽകിയിരുന്നു. ‘ഭ്രമം’ സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് അവർ വ്യക്തമാക്കി. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറഞ്ഞു.

Read More: അഹാനയെ ഒഴിവാക്കിയതില്‍ പൃഥ്വിക്ക് പങ്കില്ല, രാഷ്ട്രീയവുമില്ല; ‘ഭ്രമം’ ടീം വ്യക്തമാക്കുന്നു

ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ.ചന്ദ്രൻ, സി.വി.സാരഥി, ബാദുഷ എൻ.എം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook