യാത്രകളും സാഹസികതയുമൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അഹാന. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ നടത്താറുള്ള അഹാന യാത്രാവിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ മാലിദ്വീപിലേക്കും അഹാനയൊരു യാത്ര നടത്തിയിരുന്നു.
ദുബായിലാണ് അഹാന ഇപ്പോഴുള്ളത്. ഈ ദുബായ് യാത്രയ്ക്കിടയിൽ തന്റെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അഹാന. സ്കൈ ഡൈവ് എന്ന സാഹസികമായ സ്വപ്നം കയ്യെത്തി തൊട്ട സന്തോഷമാണ് അഹാന ഇപ്പോൾ പങ്കുവയ്ക്കുന്നത്.
“സൂര്യോദയം 5:33നായിരുന്നു. ഏകദേശം 5:45ന് ഞാൻ ആ വിമാനത്തിൽ നിന്ന് ചാടി. ഒരു പക്ഷിയെപ്പോലെ തോന്നി, ആകാശത്ത് മനോഹരമായ സൂര്യോദയം കാണുമ്പോൾ, മേഘങ്ങൾക്കും നഗരകാഴ്ചകൾക്കും മുകളിലായിരുന്നു ഞാൻ…. എന്റെ ഹൃദയം സന്തോഷം കൊണ്ടും അഡ്രിനാലിൻ കൊണ്ടും നന്ദി കൊണ്ടും നിറഞ്ഞു. എന്തൊരു നിമിഷമായിരുന്നത്!,” അഹാന കുറിച്ചു.
“എന്റെ ജീവിതത്തിലെ വിലയേറിയതും മനോഹരവുമായ 15 മിനിറ്റ്! 13,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ്, മനോഹരമായ സൂര്യോദയത്തിനും, തണുത്ത കാറ്റിനും, അതിശയിപ്പിക്കുന്ന പാം ജുമൈറയ്ക്കും മുകളിൽ,” സ്കൈ ഡൈവിന്റെ വീഡിയോയും അഹാന ഷെയർ ചെയ്തിട്ടുണ്ട്.