ടൊവിനോ തോമസും സംയുക്ത മേനോനും മുഖ്യവേഷങ്ങളിൽ എത്തിയ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ സംഗീത പ്രേമികളുടെ പ്രിയഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കൈലാസ് മേനോൻ സംഗീതം നൽകിയ ഗാനം ആലപിച്ചത് കെ.എസ് ഹരിശങ്കറും നിത്യാ മാമനും ചേർന്നാണ്. പിന്നീട് ഈ ഗാനങ്ങൾക്ക് പലരും പല കവർ വേർഷനുകൾ ഇറക്കി. ഇപ്പോഴിതാ നടി അഹാന കൃഷ്ണ കുമാർ ആ ഗാനം ആലപിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു.
“എന്റെ തലയിൽനിന്ന് ഈ പാട്ട് പുറത്തുപോകുന്നില്ല. അതിനാൽ ഇതിവിടെ ഇടുകയാണ്. നീ ഹിമമഴയായ്… എന്തൊരു മനോഹരമായ പാട്ടാണിത്. സമീപകാലത്തെ മികച്ച ഡ്യുയറ്റുകളിൽ ഒന്ന്. അത് വളരെ നന്നായി ആലപിച്ചിട്ടുമുണ്ട്,” എന്ന് അഹാന കുറിച്ചു. ഗായകരെയും സംഗീത സംവിധായകൻ കൈലാസ് മേനോനെയും ടാഗ് ചെയ്തുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്.
“വളരെ മനോഹരമായിരിക്കുന്നു അഹാന. ഞാൻ എപ്പോഴും പറയാറുള്ളതു പോലെ, നിന്റെ ശബ്ദം വളരെ ഭംഗിയുള്ളതും ഉറച്ചതുമാണ്. ലൂക്കയിലും എനിക്കേറ്റവും ഇഷ്ടമായത് അതാണ്. ഇനിയും പാടുക,” കൈലാസ് മേനോൻ മറുപടി നൽകി.
Read More: ഓരോ കാറ്റിനും ഓരോ ഭാവം: വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്റെ പാട്ടിന് ശബ്ദം നല്കി അഹാന
മുൻപൊരിക്കൽ കാറ്റ് എന്ന വാക്കില്‍ തുടങ്ങുന്ന പാട്ടുകള്‍ കോര്‍ത്തിണക്കി വിസ്പേഴ്സ് ആൻഡ് വിസിൽസ് എന്ന പേരിൽ അഹാന സംഗീത ആൽബം പുറത്തിറക്കിയിരുന്നു. തമിഴില്നിന്നുളള പാട്ടുകള്‍ക്കൊപ്പം മലയാള ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. കാട്രിന്‍ മൊഴിയില്‍, തുളളി വരും കാട്രേ, കാട്രേ എന്‍ വാസല്‍ വന്തായ് എന്നിവയാണ് തമിഴ് ഗാനങ്ങള്‍. ‘കാറ്റ് വന്ന് വിളിച്ചപ്പോള്‍’ എന്ന ചിത്രത്തിലെ കാറ്റേ നീ വീശരുതിപ്പോൾ എന്ന ഗാനവും അഹാന പാടിയിരുന്നു.