/indian-express-malayalam/media/media_files/uploads/2023/06/Ahaana-with-hansika.png)
Ahaana Krishna/ Instagram
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. മാത്രമല്ല വളരെ രസകരവും കൗതുകം തോന്നുന്നതുമായ കുറിപ്പുകളും ചിത്രങ്ങളും അഹാന തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ ഏറ്റവും ഇളയ സഹോദരി ഹൻസികയ്‌ക്കൊപ്പമുള്ള ചിത്രമാണ് അഹാന പങ്കുവച്ചത്. ഹൻസികയുടെ ഒന്നാം ക്ലാസ്സിലെ ആദ്യ ദിനത്തിലുള്ള ചിത്രവും പിന്നീട് അവസാന ദിവസത്തെ ചിത്രവുമാണ് അഹാന കോർത്തിണക്കിയിരിക്കുന്നത്. പതിന്നാലു വർഷങ്ങൾ പെട്ടെന്ന് പോയെന്നും ഇനി തന്റെ വീട്ടിൽ സ്ക്കൂളിൽ പോകുന്ന കുട്ടികൾ ആരുമില്ലെന്നും താരം കുറിച്ചു.
"അവധി കഴിഞ്ഞ് കുട്ടികളെല്ലാം സ്ക്കൂളികളിലേക്ക് തിരികെയെത്തുകയാണ്. പതിന്നാലു വർഷങ്ങൾ വളരെ പെട്ടെന്നാണ് പോയത്. ഹൻസുവിന്റെ സ്ക്കൂൾ കാലഘട്ടം തീർന്നു, ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ സ്ക്കൂളിൽ പോകുന്ന കുട്ടികൾ ആരും തന്നെയില്ല," അഹാനയുടെ വാക്കുകളിങ്ങനെ. അനവധി പേർ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. രണ്ടു ചിത്രങ്ങളിലും അഹാന അതുപോലെ തന്നെയുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.
ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നീ രണ്ടു സഹോദരങ്ങൾ കൂടി അഹാനയ്ക്കുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഈ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ഫാഷൻ, ലൈഫ്സ്റ്റൈൽ, ട്രാവൽ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണിവർ.
അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പാച്ചുവും അത്ഭുതവിളക്കു'മാണ് അഹാനയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു അഹാന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.