നിങ്ങളെന്തെങ്കിലും നേടണമെന്ന് തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാനായി ലോകം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും. പൗലൊ കൊയ്ലോയുടെ നോവലായ ആൽക്കെമിസ്റ്റിലെ വാക്കുകളിൽ കഴമ്പുണ്ടെന്ന് പറയുകയാണ് നടി അഹാന കൃഷ്ണ. ‘ലൂക്ക’ ഓർമകൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ആഗ്രഹിച്ചതു പോലെ തന്നെ തേടിയെത്തിയ ഒരു സന്തോഷത്തെ കുറിച്ച് അഹാന മനസ്സു തുറന്നത്.
“കഴിഞ്ഞ വർഷം, ഈ ദിവസമാണ് ഈ പോസ്റ്റർ പുറത്തിറങ്ങിയത്. ഞാനുള്ളതിൽ വെച്ച് ഏറ്റവും മികച്ചത്. ഞാനുള്ള പോസ്റ്ററുകളിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായത്. ഇപ്പോഴും ഇടയ്ക്ക്, ഞാൻ ഈ പോസ്റ്ററിനെ ഉറ്റുനോക്കുകയും അതിന്റെ മാന്ത്രികതയേയും സൗന്ദര്യത്തെയും കുറിച്ച് ഓർക്കുകയും ഇത് സംഭവിച്ചതാണോ എന്ന് അവിശ്വസനീയതയോടെ നോക്കുകയും ചെയ്യാറുണ്ട്. കാരണം, അവസാന നിമിഷം കൈയിൽ നിന്ന് കാര്യങ്ങൾ തെന്നിമാറിയ ചരിത്രം എനിക്കുണ്ട്. രസകരമായ വസ്തുത, ഇതായിരുന്നില്ല ആദ്യം പുറത്തിറക്കാൻ പദ്ധതിയിട്ട ആദ്യ പോസ്റ്റർ. നിഹാരിക ഇല്ലാതെ ലൂക്ക മാത്രമുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം പ്ലാൻ ചെയ്തത്.”
“ഈ ചിത്രം എടുത്തപ്പോൾ ഛായാഗ്രാഹകൻ നിമിഷ് രവിയും ഞാനും ഈ ചിത്രത്തിൽ വളരെയധികം അഭിമാനിക്കുകയും ഇഷ്ടപ്പെടുകയും ഇത് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്തിരുന്നു. സിനിമയുമായി നീതിപുലർത്തുന്ന ചിത്രമാണെന്നും ഞങ്ങൾക്ക് തോന്നിയിരുന്നു. ഇതാവണം ആദ്യത്തെ പോസ്റ്റർ എന്ന് ഞാനാഗ്രഹിക്കുകയും ചെയ്തിരുന്നു.”
“പൗലൊ കൊയ്ലോ പറഞ്ഞത് ശരിയാണ്, നമ്മൾ തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാനായി ലോകം മുഴുവൻ നിങ്ങൾക്കായി ഗൂഢാലോചന നടത്തും.”
ടൊവിനോ തോമസും അഹാനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ലൂക്ക’ ഏറെ ജനശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിലെ നിഹാരിക എന്ന അഹാനയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Read more: Luca Review: ജീവിതങ്ങൾക്ക് നിറമേകുന്ന ‘വിശുദ്ധ’ ലൂക്ക