സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള​ സെലിബ്രിറ്റി പ്രൊഫൈലുകളിൽ ഒന്നാണ് നടി അഹാന കൃഷ്ണയുടേത്. അഹാനയുടേയും വീട്ടുകാരുടേയും രസകരമായ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഇഷ്ടമാണ്. ഡാൻസും പാട്ടും കൃഷിയും എല്ലാം ഇവർ സോഷ്യൽ​ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തിൽ ഒരു വീഡിയോ ആണ് അഹാന തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. സഹോദരിമാർക്കൊപ്പമുള്ള ഡാൻസിന്റെ മേക്കിങ് വീഡിയോ ആണ് അഹാന ഷെയർ ചെയ്തിരിക്കുന്നത്.

അനിയത്തിരെ ഡാൻസ് പഠിപ്പിക്കുന്നതോടൊപ്പം തെറ്റിച്ചാൽ പിന്നേയും ചെയ്യിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. അഹാനയുടെ അമ്മ സിന്ധുവിന്റെ യൂട്യൂബ് ചാനലിലാണ് ഇത് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Read More: കൃഷ്ണകുമാറിനേയും കുടുംബത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാക്കും: കെ.സുരേന്ദ്രൻ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഹാനയും കുടുംബവും പല വിവാദങ്ങളിലുമായിരുന്നു. ഏറ്റവും ഒടുവിലായി കൃഷ്ണകുമാർ തന്റെ ബിജെപി ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചതും അദ്ദേഹത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തെത്തിയതും വാർത്തയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്നുള്ള കൃഷ്ണകുമാറിന്റെ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരേ സോഷ്യൽ മീഡിയകളിലും മറ്റും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

“മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം,” എന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ.

ഇതിനു പിന്നാലെ കൃഷ്ണകുമാറിന് പിന്തുണ അറിയിച്ച് സുരേന്ദ്രൻ എത്തി.

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook