നടിയെന്നതിനു അപ്പുറം ഒരു നല്ല പാട്ടുകാരി കൂടിയാണ് അഹാന കൃഷ്ണ. തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന ഒരു പാട്ടോർമ പങ്കുവയ്ക്കുകയാണ് അഹാന ഇപ്പോൾ. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടും അതിനു പിന്നിലെ ഒരു ഓർമ്മയും പങ്കുവയ്ക്കുകയാണ് അഹാന തന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ. തന്റെ ഇളയ സഹോദരി ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടായിരുന്നു ഇതെന്നാണ് അഹാന പറയുന്നത്.
“ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല. അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന ഒന്നായി മാറുന്നു,” അഹാന കുറിക്കുന്നു.
Read more: ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, ‘ഉറുമി’ പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ
അനിയത്തി ഹൻസു എന്നു വിളിപ്പേരുള്ള ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു പാട്ട് വീഡിയോയും മുൻപ് അഹാന പങ്കുവച്ചിരുന്നു. ‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്’ എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്.
“പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഹൻസുവും ജോയിൻ ചെയ്തപ്പോൾ,” എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തിൽ ഒരു സിനിമാകുടുംബമായിട്ടുണ്ട്. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ