നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിൽ അനിലിനൊപ്പം സ്ക്രീൻ പങ്കിട്ട ഓർമകൾ ഓർത്തെടുക്കുകയാണ് നടി അഹാന കൃഷ്ണ.

“ഞാൻ അദ്ദേഹത്തെ കണ്ട ആദ്യത്തേതും ഒരുപക്ഷേ അവസാനത്തെയും സീൻ ഇതാവുമെന്ന് കരുതുന്നു. ശ്രദ്ധിച്ചാൽ മനസ്സിലാവും, ആ ഷോട്ടിൽ ചിരിക്കാതിരിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. അദ്ദേഹം സ്വതസിദ്ധമായി അഭിനയിക്കുന്ന ബ്രില്ല്യന്റ് ആക്റ്ററായിരുന്നു. ഓരോ ടേക്കിലും അദ്ദേഹം രസകരമായ കൗണ്ടറുകളുമായി എത്തി. ഈ രംഗത്തിൽ എനിക്ക് ശരിക്കും ഗൗരവമുള്ളൊരു മുഖഭാവമാണ് വേണ്ടത്. എന്നാൽ ആദ്യമായാണ്, പരിചയസമ്പന്നനായ നടൻ, അദ്ദേഹം എത്രമാത്രം വിസ്മയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പ്രതിഭയാണെന്ന് ഞാൻ അതിശയിച്ചുപോയി. ഈ ഷോട്ടിൽ ഞാൻ ചിരിച്ചുകൊണ്ടിരുന്നു. അദ്ദേഹം പെർഫോം ചെയ്യുന്നത് ആ ഒരു ദിവസമേ ഞാൻ കണ്ടുള്ളൂ. പക്ഷേ ആറു വർഷത്തിനുശേഷവും ഞാനതെല്ലാം നന്നായി ഓർക്കുന്നു. നിങ്ങൾ പോയെന്നത് അവിശ്വസനീയമാണ്. ശരിക്കും അന്യായമാണിത്, നിരവധി വർഷത്തെ പോരാട്ടത്തിന് ശേഷം, ആളുകൾക്ക് അർഹമായ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുമ്പോൾ, മരണം അവരെ കൊണ്ടുപോവുന്നത്. നേരത്തെ ആയി പോയി. അനിൽ ചേട്ടന് നിത്യശാന്തി; എന്നും ഓർക്കും…,” അഹാന കുറിക്കുന്നു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

നാടക-ടെലിവിഷൻ രംഗങ്ങളിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അനിൽ നെടുമങ്ങാട്. 1997-98ല്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ടെലവിഷൻ രംഗത്തെത്തി. ചാനലുകളിൽ അവതാരകനും പ്രൊഡ്യൂസറുമായി മാറിയ അദ്ദേഹം കൈരളി ടിവിയിലെ ‘സ്റ്റാർ വാർസ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

2005ൽ പുറത്തിറങ്ങിയ ‘തസ്കരവീര’നിലൂടെ ആണ് അനിൽ നെടുമങ്ങാട് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്. 2016ൽ ഇറങ്ങിയ ‘കമ്മട്ടിപ്പാട’ത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു’പൊറിഞ്ചു മറിയം ജോസ്,’ ‘കിസ്മത്ത്,’ ‘പാവാട’, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലും അനില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook