അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം ‘തോന്നൽ’ ഇന്നലെ പുറത്തിറങ്ങിയിരുന്നു.ഷെഫ് ആയി അഹാന തന്നെ അഭിനയിച്ചിരിക്കുന്ന ഗാനം അഹാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാമത് എത്തിയിരിക്കുകയാണ്.
അതേസമയം, ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യുടെ ട്രെയിലർ ആണ് യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. പ്രിയ സുഹൃത്തിന്റെ സിനിമയുടെ ട്രെയിലറിനൊപ്പം തന്റെ ആൽബവും ട്രെൻഡിങ്ങിൽ വന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അഹാന ഇപ്പോൾ.
ഇരുവരും ഒരുമിച്ചു അഭിനയിച്ച ‘ലൂക്ക’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരാമർശിച്ചു കൊണ്ട് രസകരമായ ഒരു പോസ്റ്റാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. “ലൂക്കയും നിഹാരികയും തങ്ങളുടെ ദാരുണമായ മരണത്തിനു ശേഷം സൂപ്പർ ഹീറോയും ഷെഫുമായി പുനർജന്മം പ്രാപിച്ചിരിക്കുന്നു, അവർ യൂട്യൂബിൽ സന്തോഷത്തോടെ ട്രെൻഡുചെയ്യുന്നു. ഹും, ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കുന്നു” യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു അഹാന കുറിച്ചു.
താഴെ “ലൈറ്റായിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ” എന്ന് ടൊവിനോയെ മെൻഷൻ ചെയ്ത അഹാന ചോദിക്കുകയും ചെയ്തു.
അഹാനയുടെ ചോദ്യത്തിനു രസകരമായ മറുപടിയാണ് ടൊവിനോ നൽകിയത്. “ഹഹഹ.. നിങ്ങൾക്ക് അറിയാമോ! മിന്നൽ മുരളിയുടെ മഹാശക്തികളിൽ ഒന്ന് അവന് വിഷത്തെ പ്രതിരോധിക്കാൻ കഴിയും എന്നാതാണ്. ഞാൻ അതും കഴിക്കും വേണമെങ്കിൽ ഒന്നുകൂടെ കഴിക്കും. കൊണ്ടു വാ..” എന്നാണ് ടൊവിനോ കമന്റ് ചെയ്തത്.

‘മിന്നൽ അടിക്കാതെ നോക്കിയാൽ മതി’, ‘മിന്നൽ അടിച്ചെന്നും പറഞ്ഞു കരയരുത്’ തുടങ്ങി ആരാധകരുടെ രസകരമായ കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.
Also Read: ‘തോന്നൽ’ വീഡിയോയുമായി അഹാന; അഭിനന്ദിച്ച് പൃഥ്വിരാജ്
ടൊവിനോയെയും അഹാനയെയും പ്രധാന കഥാപാത്രങ്ങളാക്കി 2019 പുറത്തിറങ്ങിയ ചിത്രമാണ് ‘ലൂക്ക’. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ, ഇരുവരുടെയും കഥാപാത്രങ്ങൾ അവസാനം മരിക്കുന്നുണ്ട്. അഹാന വിഷം നൽകിയാണ് ടൊവിനോയെ ചിത്രത്തിൽ കൊല്ലുന്നത്.