നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്. ഇപ്പോഴിതാ, മുത്തച്ഛനും മുത്തശ്ശിയ്ക്കും അമ്മ സിന്ധുകൃഷ്ണയ്ക്കും അമ്മയുടെ സഹോദരിയ്ക്കുമായി അഹാന ഒരുക്കിയ ഒരു സർപ്രൈസ് യാത്രയുടെ വിശേഷങ്ങളാണ് ആരാധകരുടെ ഇഷ്ടം കവരുന്നത്.
1983 മുതൽ 1994 വരെ അമ്മ സിന്ധു കൃഷ്ണയും കുടുംബവും മസ്കറ്റിലായിരുന്നു ജീവിച്ചതെന്ന് അഹാന പറയുന്നു. അമ്മ ജീവിച്ച ആ നഗരത്തിലേക്കും ഓർമകളിലേക്കും അന്നു താമസിച്ച സ്ഥലങ്ങളിലേക്കുമെല്ലാം പ്രിയപ്പെട്ടവർക്കൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷം പങ്കിടുകയാണ് അഹാന.
“ഒരു മാസം മുമ്പ് ഞങ്ങൾ മസ്‌കറ്റിലേക്ക് പോയി. ഞാനും അമ്മയും അമ്മയുടെ അച്ഛനും അമ്മയും സഹോദരിയും. ഞാൻ ആദ്യമായിട്ടാണ് മസ്കറ്റിൽ പോവുന്നതെങ്കിൽ അവരെല്ലാം 25 വർഷത്തിന് ശേഷം വീണ്ടും തിരികെയെത്തുകയായിരുന്നു ആ നഗരത്തിലേക്ക്… ഒരിക്കൽ അവരുടെ വീടായിരുന്ന ഒരു സ്ഥലത്തേക്ക്! ഒരിക്കൽ അവർ താമസിച്ച വീട്, അവരുടെ സ്കൂൾ, പ്രിയപ്പെട്ട പാർക്ക്… അങ്ങനെ ഒരുപാട് സ്ഥലങ്ങൾ കണ്ട് പോയകാലത്തേക്ക് അവർ തിരികെ പോയി. കഴിഞ്ഞ 27 വർഷത്തിനിടെ ഈ സ്ഥലങ്ങളെ കുറിച്ചുള്ള കഥകൾ ഞാനുമേറെ കേട്ടിട്ടുണ്ട്. അതെല്ലാം നേരിൽ കാണാൻ എനിക്കു കഴിഞ്ഞു. മനോഹരമായ, അർത്ഥവത്തായ ഒരു യാത്രയായിരുന്നു അത്. ഞാനൊരുപാടുകാലം ഓർക്കുന്ന ഒരു യാത്ര,” അഹാന കുറിച്ചു.
മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന അച്ഛനും അമ്മയുമാണ് കൃഷ്ണകുമാറും സിന്ധുവും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.