‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. അഹാനയോളം തന്നെ ഇഷ്ടമാണ് പ്രേക്ഷകർക്ക് അഹാനയുടെ കുടുംബത്തെയും. മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം എന്ന് അഹാനയുടെ വീടിനെ വിശേഷിപ്പിക്കാം. അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ അഹാനയും സഹോദരിമാരായ ഹൻസികയും ഇഷാനിയുമെല്ലാം സിനിമയിലെത്തിയിരിക്കുകയാണ്. അഹാനയുടെ കൊറോണക്കാലത്തെ കുറിച്ച് കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒമ്പതു പെൺകുട്ടികൾ പല ജോലികളിൽ ഏർപ്പെടുന്ന ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും, എല്ലാം അഹാന തന്നെയാണെന്ന്. ഫോണിൽ പടം പിടിക്കുന്ന, യോഗ ചെയ്യുന്ന, വീട് വൃത്തിയാക്കുന്ന, പുസ്തകം വായിക്കുന്ന, ഫോണിൽ ചാറ്റ് ചെയ്യുന്ന എന്നിങ്ങനെ തുടങ്ങി നിരവധി ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് അഹാനമാർ.
കുമ്പിടി സ്പോട്ടഡ് എന്നാണ് ആരാധകരിൽ ചിലർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എന്തായാലും അഹാനയുടെ കൊറോണക്കാലത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ചിത്രം.
മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാർ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ഡാൻസും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
Read more: അച്ഛനോടാണോ സിഗരറ്റ് ചോദിക്കുന്നത്? ചിരിപ്പിച്ച് ഹൻസികയും ദിയയും; വീഡിയോ പങ്കുവച്ച് കൃഷ്ണകുമാർ